ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശം തേടി കോൺഗ്രസ്
കോൺഗ്രസ് പുറത്തിറക്കാൻ പോകുന്നത് ജനങ്ങളുടെ പ്രകടന പത്രികയായിരിക്കുമെന്ന് മുതിർന്ന നേതാവും പ്രകടന പത്രിക തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ തലവനുമായ പി. ചിദംബരം പറഞ്ഞു.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ തേടി കോൺഗ്രസ്. കോൺഗ്രസ് പുറത്തിറക്കാൻ പോകുന്നത് ജനങ്ങളുടെ പ്രകടന പത്രികയായിരിക്കുമെന്ന് മുതിർന്ന നേതാവും പ്രകടന പത്രിക തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ തലവനുമായ പി. ചിദംബരം പറഞ്ഞു. പരമാവധി നിർദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടന പത്രിക തയ്യാറാക്കാനുള്ള കമ്മിറ്റിയിലെ അംഗങ്ങൾ മുഴുവൻ സംസ്ഥാനങ്ങളിലുമെത്തി ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കും. ഇതിന് പുറമെ നിർദേശങ്ങൾ സമർപ്പിക്കാനായി ഇ-മെയിൽ എക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. awaazbharatki@inc.in എന്ന ഇമെയിൽ അക്കൗണ്ടിലോ www.awaazbharatki.in എന്ന വെബ്‌സൈറ്റിലോ നിർദേശങ്ങൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
പ്രകടനപത്രിക ലക്ഷ്യംവെക്കുന്ന ജനങ്ങളിൽനിന്ന് തന്നെ നേരിട്ടാണ് തങ്ങൾ നിർദേശങ്ങൾ സ്വീകരിക്കുന്നത്. ഇതൊരിക്കലും അക്കാദമിക് രേഖ മാത്രമായി അവശേഷിക്കില്ല. എല്ലാ നിർദേശങ്ങളും നടപ്പാക്കുമെന്നും പ്രകടന പത്രികാ കമ്മിറ്റിയുടെ കൺവീനറായ ടി.എസ് സിങ് ഡിയോ പറഞ്ഞു.