അണ്ണാ ക്യാമ്പസിലെ ലൈംഗിക പീഡനം : പെൺകുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് എം.കെ സ്റ്റാലിൻ
പ്രതിപക്ഷം പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു
ചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥിനിക്കെതിരെ നടന്ന ലൈംഗികാതിക്രമം വലിയ ക്രൂരതയാണെന്നും അംഗീകരിക്കാനാകില്ലെന്നും പ്രതിക്ക് നിയമമനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങികൊടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷമായ എഐഎഡിഎംകെ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റവാളിയുടെ അറസ്റ്റിന് ശേഷവും സർക്കാരിനെ വിമർശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയതിന് ശേഷവും, സർക്കാരിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു.
അണ്ണാ സർവകലാശാലയിലെ രണ്ടാം വർഷ മെക്കാനിക്കല്‍ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ഡിസംബർ 23ന് രാത്രി സുഹൃത്തിനോടൊപ്പം നിന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. ഇവരുടെ അടുത്തേക്ക് അപരിചിതനായ ഒരാളെത്തി, പ്രകോപനമല്ലാതെ ഇരുവരെയും മര്‍ദ്ദിച്ചു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്യുകയായിരുന്നു.