'അവന് നഷ്ടമായ സമയം വീണ്ടെടുക്കാനാവില്ല'; 25 വർഷത്തിന് ശേഷം തടവുകാരനെ വെറുതെവിട്ട് സുപ്രിംകോടതി
കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഉത്തരവ്.
ന്യൂഡൽഹി: 25 വർഷമായി തടവിൽ കഴിയുന്ന വ്യക്തിയെ വെറുതെവിട്ട് സുപ്രിംകോടതിയുടെ സുപ്രധാന വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓം പ്രകാശ് എന്ന തടവുകാരനെ ജസ്റ്റിസുമാരായ എം.എം സുേ്രന്ദഷ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് കുറ്റവിമുക്തനാക്കിയത്. 1994ലെ ഒരു കൊലപാതക കേസിലാണ് ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത്.
കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഓം പ്രകാശ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാവാതിരുന്ന വിചാരണക്കോടതി ഓം പ്രകാശിന് വധശിക്ഷ വിധിച്ചു. ഓം പ്രകാശിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാതിരുന്നത്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും അപ്പീൽ നൽകിയെങ്കിലും മേൽക്കോടതികളും വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് 14 വയസ്സായിരുന്നു എന്ന് തെളിയിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് സഹിതം ഓം പ്രകാശ് സുപ്രിംകോടതിയിൽ ക്യൂറേറ്റീവ് ഹരജി സമർപ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു.
ഈ പ്രതീക്ഷയും അവസാനിച്ചതോടെ ഓം പ്രകാശ് 2012ൽ രാഷ്ട്രപതിക്ക് ദയാ ഹരജി സമർപ്പിച്ചു. ദയാഹരജി പരിഗണിച്ച രാഷ്ട്രപതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചെങ്കിലും 60 വയസ്സ് വരെ ജയിലിൽനിന്ന് മോചിപ്പിക്കരുതെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു.
അതിനിടെ ഓസിഫിക്കേഷൻ ടെസ്റ്റ് (എല്ലുകൾ പരിശോധിച്ച് പ്രായം നിർണയിക്കുന്ന രീതി) നടത്തിയ ഓം പ്രകാശിന് കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പ്രായപൂർത്തിയാവേണ്ടതില്ല എന്ന രേഖയും വിവരാവകാശം വഴി ഓം പ്രകാശ് വാങ്ങി. തുടർന്ന് രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ ഓം പ്രകാശ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി. രാഷ്ട്രപതിയുടെ ഉത്തരവ് പുനപ്പരിശോധിക്കുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹരജി തള്ളി. തുടർന്നാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
വാദത്തിനിടെ ക്യൂറേറ്റീവ് ഹരജിയുമായി ബന്ധപ്പെട്ട് കോടതി വിശദീകരണം തേടിയപ്പോൾ കുറ്റകൃത്യം നടക്കുമ്പോൾ ഓം പ്രകാശിന് പ്രായപൂർത്തിയായിരുന്നില്ല എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ തുടക്കം മുതൽ രേഖകൾ അവഗണിച്ച കോടതികൾ അനീതിയാണ് പ്രവർത്തിച്ചതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിരക്ഷരനായിരുന്നിട്ടും ഒരു തരത്തിലല്ലെങ്കിലും മറ്റൊരു തരത്തിൽ ഹരജിക്കാരൻ തന്റെ ആവശ്യം അവസാനം വരെ ഉന്നയിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെയുള്ള നടപടികളിൽ കോടതി സ്വീകരിച്ച സമീപനം തുടരാനാവില്ലെന്ന് ജസ്റ്റിസ് സുന്ദ്രേഷ് വിധിന്യായത്തിൽ വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസിന്റെ ഏത് ഘട്ടത്തിലും തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഉന്നയിക്കാൻ പ്രതിക്ക് അവകാശമുണ്ട്. ഇത് ഹൈക്കോടതി അവഗണിച്ചതിനെ സുപ്രിംകോടതി കുറ്റപ്പെടുത്തി.
കോടതികൾക്ക് പറ്റിയ പിഴവിന്റെ പേരിലാണ് പരാതിക്കാരിന് തടവിൽ കിടക്കേണ്ടിവന്നത്. ജയിലിൽ അദ്ദേഹത്തിന്റെ പെരുമാറ്റം നല്ല രീതിയിലായിരുന്നുവെന്നാണ് ജയിൽ വകുപ്പ് നൽകിയ റിപ്പോർട്ട്. സമൂഹവുമായി ചേർന്നുപോകാൻ അദ്ദേഹത്തിനുള്ള അവസരമാണ് കോടതികളുടെ തെറ്റായ നടപടി മൂലം നഷടപ്പെട്ടത്. പരാതിക്കാരന്റെ കുറ്റം കൊണ്ടല്ലാതെ അദ്ദേഹത്തിന് നഷ്ടമായ സമയം ഒരിക്കലും വീണ്ടെടുക്കാനാവില്ല. ഓം പ്രകാശിനെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട കോടതി ഇത് സുപ്രിംകോടതി ഉത്തരവിന്റെ പുനപ്പരിശോധനയല്ലെന്നും ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വ്യവസ്ഥകളുടെ ആനുകൂല്യത്തിന് അർഹനായ ഒരാൾ അത് നൽകുകയാണ് ചെയ്യുന്നതെന്നും സുപ്രിംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി.