കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി; ഫലം മറ്റന്നാൾ

സംസ്ഥാനത്ത് 287 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Update: 2022-10-17 12:11 GMT
Advertising

ന്യൂഡൽഹി/തിരുവനന്തപുരം: 22 വർഷത്തിനു ശേഷം നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. രാജ്യത്തെ 68 പോളിങ് ബൂത്തുകളിലായി 9,308 പ്രതിനിധികളാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്തത്. 90 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

സംസ്ഥാനത്ത് 287 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 310 വോട്ടർമാരാണ് കേരളത്തിൽ ഉള്ളത്. പാർട്ടി അധ്യക്ഷ സോണിയാഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തും രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടക്കുന്ന കർണാടകയിലെ ബല്ലാരിയിലും വോട്ട് രേഖപ്പെടുത്തി.

കേരളത്തിൽ എൽദോസ് കുന്നപ്പിള്ളിൽ ഒഴികെ 12 പേർ അസൗകര്യം അറിയിച്ചു. 95.66 ശതമാനം പോളിങ് ആണ് കേരളത്തിൽ രേഖപ്പെടുത്തിയത്. എ.ഐ.സി.സി ആസ്ഥാനത്തേയും ഭാരത് ജോഡോ യാത്രയിലേയും പോളിങ് ബൂത്തുകളിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഡൽഹി, രാജസ്ഥാൻ പി.സി.സികളിൽ 90 ശതമാനത്തിന് മുകളിലാണ് പോളിങ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. സി വേണുഗോപാല്‍, സ്ഥാനാര്‍ഥി കൂടിയായ ശശി തരൂര്‍ എം.പിയടക്കമുള്ളവര്‍ രാവിലെ തന്നെ കെ.പി.സി.സി ആസ്ഥാനത്തെത്തി വോട്ട് രേഖപ്പെടുത്തി.

എ.ഐ.സി.സി ആസ്ഥാനംത്ത് 87 പേരും ഭാരത് ജോഡോ യാത്ര നടക്കുന്ന കര്‍ണാടകയിലെ ബെല്ലാരി പോളിങ് ബൂത്തില്‍ 46 പേരുമാണ് വോട്ട് ചെയ്തത്. എല്ലാ പി.സി.സികളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.

നാളെ എല്ലാ റിട്ടേണിങ് ഓഫീസര്‍മാരും ബാലറ്റ് ബോക്‌സുകള്‍ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. മറ്റന്നാളാണ് വോട്ടെണ്ണൽ. സ്ഥാനാർഥികളായ മല്ലികാർജുൽ ഖാർ​ഗെയും ശശി തരൂരും വിജയ പ്രതീക്ഷയിലാണ്.

കോൺഗ്രസിന് സംതൃപ്തി നൽകുന്ന ദിനമാണിതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ശക്തമാവുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാവുമെന്നും എ.കെ ആന്റണി പ്രതികരിച്ചു. കോൺഗ്രസിന് മാത്രമേ ജനാധിപത്യ രീതിയിൽ ഇത്തരം ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിയൂവെന്നും പർട്ടിയെ ഒറ്റക്കെട്ടായി ശക്തിപ്പെടുത്തുമെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News