രാജ്യസഭാ തെരഞ്ഞെടുപ്പ്: കുതിരക്കച്ചവടം തടയാന്‍ മുതിര്‍ന്ന നിരീക്ഷകരെ അയച്ച് കോണ്‍ഗ്രസ്
ബി.ജെ.പി കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെ തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിശ്ചയിച്ചത്
ഡല്‍ഹി: മഹാരാഷ്ട്ര, രാജസ്ഥാൻ , ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെ തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിശ്ചയിച്ചത്. ഈ മാസം പത്തിനാണ് തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിൽ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്നും കോൺഗ്രസിന്‍റെ സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ചുകൊണ്ടാണ് ബി.ജെ.പിയുടെ നീക്കങ്ങളെ കോൺഗ്രസ് പ്രതിരോധിക്കുന്നത്.
മഹാരാഷ്ട്രയിലെ നിരീക്ഷകൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഖെയാണ്. ഇവിടെ സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തനായ ഇമ്രാൻ പ്രതാപ് ഗഡിയാണ് മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. എന്നാൽ രണ്ട് സീറ്റിൽ വിജയസാധ്യതയുള്ള ബി.ജെ.പി മൂന്നാമത്തെ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയത് കോൺഗ്രസിനേയും എൻ.സി.പിയേയും ശിവസേനയേയും വെട്ടിലാക്കി. മഹാരാഷ്ട്രയിലെ ഭരണകക്ഷി എം.എൽ.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
കോൺഗ്രസിൽ എം.എല്‍.എമാർ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന രാജസ്ഥാനിൽ പവൻ കുമാർ ബൻസലും ടി.എസ് സിങ് ദേവുമാണ് എഐസിസി നിരീക്ഷകർ. ഹരിയാനയിൽ ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും രാജീവ് ശുക്ലയുമാണ് നിരീക്ഷകർ. പാർട്ടിയുമായി അഭിപ്രായ വ്യത്യാസം പുലർത്തുന്ന നേതാക്കൾ, നിരീക്ഷകരുടെ വരവോടെ എതിർ ശബ്ദങ്ങൾ ഒഴിവാക്കുമെന്നാണ് കരുതുന്നത്.