'ഓട് മോദീ ഓട്': മോദിയോട് ചോദിച്ച 272 ചോദ്യങ്ങളുൾപ്പെടുത്തി കോൺഗ്രസ് റിപ്പോർട്ട്; ഒന്നിനും ഉത്തരമില്ല
ഉത്തരങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നിലപാടാണ് മോദി സ്വീകരിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ച 272 ചോദ്യങ്ങളുൾപ്പെടുത്തി 'ഭാഗ് മോദി ഭാഗ്' (ഓട് മോദീ ഓട്) എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കി കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ കോൺഗ്രസ് ചോദിച്ച ചോദ്യങ്ങളുൾപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 72 ദിവസത്തിനിടെ 272 ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഒറ്റ ചോദ്യത്തിനും മോദി മറുപടി നൽകിയില്ല. ഉത്തരങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നിലപാടാണ് മോദി സ്വീകരിച്ചതെന്ന് ജയറാം രമേശ് പറഞ്ഞു.
കൂടാതെ തെരഞ്ഞെടുപ്പ് സമയം ഇതുവരെ 117 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നൽകിയത്. ഒന്നിൽപ്പോലും അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും ജയറാം രമേശ് പറഞ്ഞു. മോദിക്കും യോഗിക്കും അമിത് ഷായ്ക്കും നദ്ദയ്ക്കും എതിരെ പരാതി നൽകി.
വിദ്വേഷ പ്രചാരണമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കും വിവിധ ബിജെപി നേതാക്കൾക്കുമെതിരെ പരാതി നൽകിയത്. നിയമലംഘനം, മാതൃകാപെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ കമ്മീഷൻ ഇപ്പോഴും മൗനം തുടരുകയാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.