രാഹുൽ നടക്കും, ഒപ്പം കോൺഗ്രസും; 'ഭാരത് ജോഡോ' ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മോദി സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഭാരത് ജോഡോയിലൂടെ കോൺഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്താനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്. ഇതിന് മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ 3500ലേറെ കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ ഒരുക്കങ്ങൾ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ഭാരത് ജോഡോ യാത്രയെ കുറിച്ച് ചർച്ച ചെയ്യാൻ ആഗസ്ത് 23ന് പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ യോഗം ചേരും.
ഈ വർഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കായുള്ള പിടിവള്ളിയായാണ് ഭാരത് ജോഡോ യാത്രയെ കണക്കാക്കുന്നത്. പാർട്ടി അണികളെ അണിനിരത്തി സംഘടിപ്പിക്കുന്ന ഭാരത് ജോഡോ കോൺഗ്രസിന് നിർണായകമാണ്. മെയിൽ ഉദയ്പൂരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിവിരിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചത്. സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോൺഗ്രസിന്റെ പദ്ധതി.
അഞ്ച് മാസം കൊണ്ട് 12ലധികം സംസ്ഥാനങ്ങളിലൂടെ പദയാത്ര കടന്നുപോകും. ഓരോ ദിവസവും 25 കിലോമീറ്റർ ദൂരം പിന്നിടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യാത്രയുടെ ഭാഗമാകും. മോദി സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഭാരത് ജോഡോയിലൂടെ കോൺഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. റാലികൾ, പൊതുയോഗങ്ങൾ തുടങ്ങി വൻ പരിപാടികളാണ് യാത്രയുടെ ഭാഗമായി രാജ്യത്തുടനീളം കോൺഗ്രസ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. ഭാരത് ജോഡോ അവസാനിക്കുന്നതോടെ രാഹുൽ നേതൃനിരയിലേക്ക് മടങ്ങിയെത്തുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.