"പാർട്ടിയിലെ ചേരിപ്പോര് മാധ്യമസൃഷ്‌ടി, കർണാടകയിൽ കോൺഗ്രസ് ഒറ്റക്കെട്ട്"; ഡികെ ശിവകുമാർ

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 140 സീറ്റുകൾ നേടുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി എന്ത് തീരുമാനമെടുത്താലും താൻ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2023-05-06 12:06 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: കർണാടകയിൽ തെരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുകയാണ്. കൂറ്റൻ റോഡ് ഷോയുമായി ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കളത്തിലിറങ്ങിയെങ്കിലും കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 140 സീറ്റുകൾ നേടുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി എന്ത് തീരുമാനമെടുത്താലും താൻ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കർണാടകയിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും 1978ലേതിന് സമാനമായ വിജയം പാർട്ടി ഇത്തവണ നേടുമെന്നും ശിവകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ്  പ്രകടനപത്രികയിൽ യൂണിഫോം സിവിൽ കോഡ്, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ശിവകുമാർ ഉന്നയിച്ചത്. സംസ്ഥാനത്തിനായുള്ള ബിജെപിയുടെ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ദാരിദ്ര്യമാണ് പ്രകടനപത്രികയിൽ കാണുന്നതെന്ന് ശിവകുമാർ കുറ്റപ്പെടുത്തി. 

കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 'മോദി ഘടകം' പ്രവർത്തിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുൻ മുഖ്യമന്ത്രി സിദ്ധരാമായ്യയ്‌ക്കൊപ്പം മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് ശിവകുമാർ എന്നതും ശ്രദ്ധേയമാണ്. പാർട്ടിയിലെ ചേരിപ്പോരിന്റെ എല്ലാ കഥകളും മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അവയിൽ സത്യമില്ലെന്നും ശിവകുമാർ പറഞ്ഞു. 

"കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണ്. ഞങ്ങളുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പാർട്ടി പ്രവർത്തകർ വളരെ സജീവമാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കൂട്ടായ പരിശ്രമം നടത്തുകയാണ്"; ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശക്തമായ മത്സരാർത്ഥി എന്ന നിലയിൽ, കർണാടകയിൽ പാർട്ടി ഭൂരിപക്ഷം നേടുന്നത് ഉറപ്പാക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 

അതേസമയം, കർണാടക തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വാശിയേറിയതായി തുടരുകയാണ്. അനാരോഗ്യത്തെ തുടർന്ന് ഏറെനാളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന ലാപ്പിൽ മേൽക്കൈ നേടാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആവേശകരമായ റാലികളിലൂടെയും പ്രസംഗത്തിലൂടെയും കർണാടകയുടെ ഗ്രാമങ്ങളിൽ വോട്ടുറപ്പിക്കുമ്പോൾ, സോണിയ ഗാന്ധിയുടെ വരവും കോൺഗ്രസിന് ഊർജമാവും

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News