വോട്ടെണ്ണൽ നാളെ; വിജയപ്രതീക്ഷയിൽ സ്ഥാനാർഥികൾ
രാജ്യത്തെ 68 പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്സുകൾ പ്രദേശ് റിട്ടേണിംഗ് ഓഫീസർമാർ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തിക്കും
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണൽ നടക്കുക. രാജ്യത്തെ 68 പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്സുകൾ പ്രദേശ് റിട്ടേണിംഗ് ഓഫീസർമാർ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും.
22 വർഷത്തിന് ശേഷം നടന്ന പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് കുറ്റമറ്റരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതിൻ്റെ സംതൃപ്തിയിലാണ് കോൺഗ്രസ്. പോളിംഗിൽ സൂക്ഷിച്ച രഹസ്യസ്വഭാവം നാളത്തെ വോട്ടെണ്ണലിലും ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
68 ബൂത്തുകളിലെയും സീൽ ചെയ്ത ബാലറ്റ് പെട്ടികൾ വൈകിട്ടോടെ ഡൽഹി എഐസിസി ആസ്ഥാനത്ത് പ്രദേശ് റിട്ടേണിംഗ് ഓഫീസർമാർ എത്തിക്കും. ഓരോ പെട്ടിയും തുറന്ന ശേഷം മുഴുവൻ ബാലറ്റ് പേപ്പറുകളും ആവർത്തിച്ച് ഇടലർത്തും. എന്നിട്ടേ അടുത്ത പെട്ടി തുറക്കൂ. അതുവഴി വോട്ട് ചെയ്ത ആളെയോ അത് ലഭിച്ച സംസ്ഥാനമോ തിരിച്ചറിയാൻ കഴിയില്ല. രഹസ്യ ബാലറ്റിലാണ് ശശി തരൂരിന്റെ പ്രതീക്ഷ മുഴുവൻ. പ്രചാരണത്തിന് പോയപ്പോൾ പിസിസി നേതാക്കൾ നൽകിയ അവഗണനയ്ക്കുള്ള മറുപടി പെട്ടിപൊട്ടിച്ചാൽ കിട്ടുമെന്നാണ് അദ്ദേഹം കരുതുന്നത്.
അപ്രഖ്യാപിതമെങ്കിലും പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയാണ് മല്ലികാർജുൻ ഖാർഗെയുടെ ബലം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ നിന്ന് ബലാബലത്തിൽ കാര്യമായ മാറ്റം വരുത്താൻ തരൂരിന് കഴിഞ്ഞു എന്നാണ് പൊതുവിലയിരുത്തൽ. പക്ഷെ കിട്ടുന്ന വോട്ടുകളുടെ എണ്ണമായിരിക്കും പാർട്ടിക്കുള്ളിൽ തരൂരിന്റെ ശബ്ദത്തിന് കിട്ടാവുന്ന പ്രാധാന്യം തീരുമാനിക്കുക.