റിയ ചക്രബര്‍ത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ തിരികെ നല്‍കണം; എന്‍.സി.ബിയുടെ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ്
റിയയിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാനും കോടതി നിർദേശിച്ചു
നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ്. റിയയില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരികെ നൽകാന്‍ പ്രത്യേക എൻ.ഡി.പി.എസ് കോടതി നിര്‍ദേശിച്ചതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
നികുതി അടയ്‌ക്കാനും തൊഴിലാളികൾക്ക് ശമ്പളം നൽകാനും മറ്റ് ബാധ്യതകൾ തീർപ്പാക്കാനുമുള്ള മാർഗമാണ് പത്തു മാസത്തോളം അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ ഇല്ലാതായെന്ന് റിയ കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരുകയാണെന്നും അക്കൗണ്ടുകൾ തിരികെ നല്‍കിയാല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്ക് പണം ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും എൻ.സി.ബിക്ക് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ സർപാണ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വർഷമാണ് റിയയുടെ സ്ഥിരനിക്ഷേപം ഉൾപ്പെടെയുള്ള അക്കൗണ്ടുകള്‍ എൻ.സി.ബിയുടെ നിർദേശ പ്രകാരം മരവിപ്പിച്ചത്. റിയയുടെ മാക്ബുക്ക്, ഐഫോൺ എന്നിവയും പിടിച്ചുവെച്ചിരുന്നു. കേസില്‍ 2020 സെപ്തംബറില്‍ റിയ അറസ്റ്റിലാവുകയും ചെയ്തിരുന്നു.