രാജ്യത്ത് വീണ്ടും ആശങ്കയുയര്‍ത്തി കോവിഡ്; കേസുകളില്‍ ഇരട്ടി വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ കോവിഡ് ബാധിതരിൽ 90 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഇരട്ടിയാണിത്. കഴിഞ്ഞ ദിവസം 1,150 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. 0.32 ശതമാനമാണ് ടിപിആര്‍. നിലവിൽ രാജ്യത്ത് 11,542 കോവിഡ് ബാധിതരുണ്ട്. അതേസമയം വാക്സിനേഷൻ കവറേജ് 186.54 കോടി കവിഞ്ഞു. 12നും 14നും ഇടയില്‍ പ്രായമുള്ള 2.43 കോടി പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് അടുത്തിടെ 5 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ, ഞായറാഴ്ച ഇത് 4.21 ശതമാനമായി കുറഞ്ഞുവെന്ന് ഹെൽത്ത് ബുള്ളറ്റിൻ അറിയിച്ചു. അടുത്തിടെ, ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരവധി സ്കൂളുകളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്കൂളുകള്‍ തുറന്നപ്പോള്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.