സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകം: സി.പി.എം
അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭവമാണ് ഇത്. സ്റ്റാന്‍ സാമിയുടെ മരണം എന്ന പ്രയോഗം തെറ്റാണ്. സ്റ്റാന്‍ സാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 'ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അഗാധമായ വേദനയും കോപവും തോന്നുന്നു. ജെസ്യൂട്ട് പുരോഹിതനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം പാര്‍ശ്വവല്‍കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു കുറ്റവും ചുമത്താതെയാണ് 2020 ഒക്ടോബര്‍ മുതല്‍ അദ്ദേഹത്തെ യു.എ.പി.എ എന്ന ക്രൂരനിയമം പ്രകാരം കസ്റ്റഡിയില്‍ വെക്കുകയും മനുഷ്യവിരുദ്ധമായ രീതിയില്‍ പെരുമാറുകയും ചെയ്തത്. കസ്റ്റഡിയില്‍ സംഭവിച്ച ഈ സംഭവത്തിന് ഉത്തരവാദി ആരാണെന്നു കണ്ടെത്തണം.'-യെച്ചൂരി പറഞ്ഞു.
സ്റ്റാന്‍ സാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭവമാണ് ഇത്. സ്റ്റാന്‍ സ്വാമിയുടെ മരണം എന്ന പ്രയോഗം തെറ്റാണ്. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്. സ്വന്തം ശാരീരിക അവശത മറന്ന് ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് ആവലാതി പറയാനുള്ള നീതിന്യായ സംവിധാനം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം ഉറക്കം നടിക്കുകയാണ്. സ്റ്റാന്‍ സ്വാമിയുടെ വധത്തില്‍ ഭരണകൂടത്തിനൊപ്പം നീതിന്യായ വ്യവസ്ഥക്കും പങ്കാളിത്തമുണ്ടെന്നും എം.എ ബേബി പറഞ്ഞു.
സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമാണെന്ന് എസ്.എഫ്.ഐ ഡല്‍ഹി യൂണിറ്റ് ട്വീറ്റ് ചെയ്തു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.