ത്രിപുരയിൽ പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്ന് സി.പി.എം; മേഘാലയയിൽ ടിഎംസി പ്രകടന പത്രിക നാളെ

സീറ്റ് ധാരണയിലെത്താത്തതിനാൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല

Update: 2023-01-23 04:12 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഎം. പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം. നാഗാലാൻഡിലും മേഘാലയിലും ശക്തമായ പോരാട്ടത്തിനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറെടുക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ് . ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന സി.പി.എം വാഗ്ദാനം. ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ വിജയമന്ത്രങ്ങളിൽ പ്രധാനപെട്ടത് പഴയ പെൻഷൻ രീതിയിലേക്ക് മടങ്ങിപോകുമെന്ന ഉറപ്പായിരുന്നു. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ റദ്ദാക്കുന്നതാണ് രാജ്യത്തെ പൊതുസാഹചര്യം. പങ്കാളിത്ത പെൻഷൻ റദ്ദാക്കുമെന്ന് കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചത് രാജസ്ഥാനിലാണ്.

ബി.ജെ.പി പ്രതിരോധത്തിലാകുന്നത് പെൻഷൻ , തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുമ്പോഴാണ്. ഈ ദൗർബല്യം വോട്ടാക്കി മാറ്റാനാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ശ്രമം. നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചെങ്കിലും സീറ്റ് ധാരണയിലെത്താത്തതിനാൽ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് മേഘാലയയിലെ മുഖ്യപ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ടിഎംസിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രിക മമത ബാനർജി നാളെ പുറത്തിറക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News