‘അച്ഛാ.. നിങ്ങളെ ഈ ലോകം കാത്തിരിക്കുന്നു..’ സഞ്ജീവ് ഭട്ടിന് പിറന്നാൾ ആശംസകളുമായി മക്കളുടെ കുറിപ്പ്

പുതിയ വർഷം ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പാകുമെന്നാണ് പ്രതീക്ഷയെന്നും മക്കൾ

Update: 2023-12-21 10:03 GMT
Advertising

ന്യൂഡൽഹി: നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ കള്ളക്കേസ് ചുമത്തി ഗുജറാത്ത് ഭരണകൂടം അന്യായമായി തടങ്കലിലടച്ച​ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടി​​ന്റെ അറുപതാം പിറന്നാൾ ദിനത്തിൽ മക്കളെഴുതിയ കുറിപ്പ് ചർച്ചയാകുന്നു. മക്കളായ ആകാശിയും ശന്തനുവും ചേർന്ന് സോഷ്യൽമീഡിയയിലെഴുതിയ കുറിപ്പിലാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. 

പിറന്നാൾ സമ്മാനങ്ങൾ തുറക്കാൻ  പോലും അനുവദിക്കാതെ ചേർത്ത് പിടിച്ചു കൊണ്ട് സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കണമെന്നാഗ്രഹിച്ചു പോവുകയാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. അന്യായമായി തുറങ്കിലടക്കപ്പെട്ടിട്ട് അഞ്ച് വർഷവും മൂന്ന് മാസവും 17 ദിവസവും പിന്നിട്ടിരിക്കുന്നു. ഈ ഇരുൾ മൂടിയ കാലം പിന്നിട്ട് അച്ഛൻ വീട്ടിലേക്ക് തിരികെ വരുമെന്നും നമ്മൾ ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. അച്ഛാ, നിങ്ങളെ ഈ ലോകത്തിന് വേണം. സത്യസന്ധനും ധീരനുമായ താങ്കൾ ഞങ്ങളെ മാത്രമല്ല, മികച്ച ലോകം സ്വപ്നം കാണുന്നവരെയെല്ലാം പ്രചോദിപ്പിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വർഷം ഞങ്ങ​ളെ മുന്നോട്ട് നയിച്ചത് നിങ്ങൾ പകർന്നു നൽകിയ ഊർജ്ജത്തിൽ തന്നെയാണ്. അവർക്കറിയില്ലല്ലോ ജയിലിലടച്ചു വേട്ടയാടിയതു കൊണ്ട് ന​മ്മളെ തകർക്കാനോ തളർത്താനോ ആവില്ലെന്ന്. അവർക്ക് മനസിലാകില്ല നമ്മുടെ ഉൾക്കരുത്തു.അതിനെ ഒരുകാലത്തും അവർക്ക്  തകർക്കാനാവർക്കാകില്ല.

ഈ ഫാസിസ്റ്റ് ഭരണകൂടം നമ്മളിൽ നിന്ന് കവർന്നെടുത്ത കാലം തിരിച്ചുപിടിക്കാൻ നമ്മുക്കാകും.നീതിക്ക് വേണ്ടി പോരാടുന്നതിനിടയിൽ അന്യായമായി തടങ്കിലടക്കപ്പെട്ടവരിലേക്കെല്ലാം നീതിയെത്തും. പുതിയ വർഷം ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു.താങ്കൾക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആരോഗ്യവും നേരുന്നു​… ജന്മദിനാശംസകള്‍ അച്ഛാ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ഇദ്ദേഹം സർവീസിൽനിന്നു വിരമിക്കുന്നതിനു മുൻപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു തുടർന്നാണ് സഞ്ജീവ് ഭട്ടിനെ ഭരണകൂടം വേട്ടയാടാൻ തുടങ്ങിയതും ജയിലിലടച്ചതും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News