യു.പിയില്‍ കൂട്ടബലാത്സംഗത്തിനു ശേഷം അഗ്നിക്കിരയാക്കപ്പെട്ട ദലിത് പെണ്‍കുട്ടി മരിച്ചു
പൊള്ളലേറ്റ പെൺകുട്ടി 12 ദിവസമായി ചികിത്സയിലായിരുന്നു
ഉത്തർപ്രദേശില്‍ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കപ്പെട്ട ദലിത് പെണ്‍കുട്ടി മരിച്ചു. 16 വയസുകാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പൊള്ളലേറ്റ പെൺകുട്ടി 12 ദിവസമായി ചികിത്സയിലായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലാണ് സംഭവം. കുന്‍വാര്‍പൂര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ രണ്ടു പേര്‍ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ലഖ്നൌവിലെ ആശുപത്രിയില്‍ 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ലഖിംപൂർ, പിലിഭിത്, ലഖ്‌നൗ, ഗോണ്ട, ബദൗൺ, അംറോഹ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ അന്വേഷണത്തിലുണ്ടായ അനാസ്ഥ യോഗം ചര്‍ച്ച ചെയ്തു.
ലഖിംപൂർ ഖേരി ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദലിത് സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നു. രണ്ട് പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.