ആഭ്യന്തരം ഫഡ്​നാവിസിന്, ഷിൻഡെക്ക്​ നഗരവികസനം; മഹാരാഷ്​ട്രയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം

അജിത്​ പവാറിന്​ ധനകാര്യം

Update: 2024-12-21 16:21 GMT
Advertising

മഹാരാഷ്​ട്ര: സംസ്​ഥാനത്ത്​ വിവിധ കാബിനറ്റ്​ മന്ത്രിമാരുടെ വകുപ്പുകളിൽ​​ മഹായുതി സഖ്യത്തിൽ ഒടുവിൽ തീരുമാനമായി. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്​നാവിസ്​ ആഭ്യന്തരം കൈകാര്യം ചെയ്യും. കൂടാതെ, നിയമം, ജുഡീഷ്യറി വകുപ്പ്​ കൂടിയുണ്ട്​ അദ്ദേഹത്തിന്​.

ഉപമുഖ്യമന്ത്രിയായ ഏക്​നാഥ്​ ഷിൻഡെക്ക്​ നഗര വികസനം, ഭവന, പൊതുമരാമത്ത്​ വകുപ്പ് എന്നിവ​ ലഭിച്ചു. മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത്​ പവാറിന്​ ധനകാര്യം, ആസൂത്രണം, എക്​സൈസ്​ എന്നീ വകുപ്പുകളാണുള്ളത്​.

വലിയ ഭൂരിപക്ഷം നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലേറി ദിവസങ്ങളായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ സാധിച്ചിരുന്നില്ല. മുന്നണിയിൽ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ്​ ഒടുവിൽ വിവിധ വകുപ്പുകൾ പ്രഖ്യാപിച്ചത്​. ഡിസംബര്‍ 15നാണ് 39 പേരെ കൂടി ഉള്‍പ്പെടുത്തി ഫഡ്നാവിസ് മന്ത്രിസഭ വികസിപ്പിച്ചത്.

ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നാണ് മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍‌ അഭ്യന്തരം വിട്ടൊരു കളിയില്ലെന്ന് ബിജെപിയും വാശിപിടിച്ചു. ഇതോടെയാണ്​ വകുപ്പ്​ വിഭജനം കീറാമുട്ടിയായത്​.

പുതിയ മന്ത്രിസഭയില്‍ മുൻ മഹായുതി സർക്കാരിലെ 10 മന്ത്രിമാരെ ഒഴിവാക്കിയപ്പോൾ 16 പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. ബിജെപിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11ഉം അജിത് പവാറിൻ്റെ എൻസിപിക്ക് ഒമ്പതും മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്.

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News