ചായ മുതൽ ചോറും കറിയും വരെ; ട്രെയിൻ വൈകിയാൽ വിശന്നിരിക്കേണ്ട, ഭക്ഷണം റെയിൽവേ വക, സേവനം ഈ ട്രെയിനുകളിൽ

ഷെഡ്യൂൾ ചെയ്തതിനും രണ്ട് മണിക്കൂറിൽ കൂടുതൽ ട്രെയിൻ വൈകിയാലാണ് സൗജന്യമായി ഭക്ഷണം ലഭിക്കുക

Update: 2024-12-03 16:02 GMT
Advertising

ഡൽഹി: ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നത് യാത്രക്കാർക്കുണ്ടാക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. നേരത്തേ നിശ്ചയിച്ച പദ്ധതികളൊക്കെ തകിടംമറിക്കുന്നതാണിത്. ഇന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്നത് പലപ്പോഴും ട്രെയിനുകൾ ഉൾപ്പെടെ പൊതുഗതാഗതത്തെയും സാരമായി ബാധിക്കാറുണ്ട്. ഇനി ഇത്തരം വാർത്തകളും സജീവമാകും.

ട്രെയിൻ വൈകിയാൽ, പ്രീമിയം ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്തവർക്ക് യാത്രക്കിടെ മറ്റ് യാത്രാ സംവിധാനങ്ങളെ ആശ്രയിക്കുന്നത് വലിയ സാമ്പത്തിക നഷ്‍ടമുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നൽകുന്ന പ്രത്യേക സേവനം ചർച്ചയാകുന്നത്.

യാത്രക്കാരുടെ അസൗകര്യം പരിഹരിക്കാനായി സൗജന്യ ഭക്ഷണമുൾപ്പെടെ റെയിൽവേ നൽകുമെന്ന കാര്യം അറിയാത്തവരാണ് മിക്ക യാത്രക്കാരും. രാജധാനി, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് റെയിൽവേ ഐആർസിടിസിക്കൊപ്പം ചേർന്ന് ഭക്ഷണം നൽകുന്നത്. ഷെഡ്യൂൾ ചെയ്തതിനും രണ്ട് മണിക്കൂറിൽ കൂടുതൽ ട്രെയിൻ വൈകിയാലാണ് സൗജന്യമായി ഭക്ഷണം ലഭിക്കുക. 

സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുന്നവർക്കും ലക്ഷ്യസ്ഥാനത്തെത്താൻ വൈകുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാർക്ക് മധുരമിട്ടോ ഇല്ലാതെയോ ചായയോ കാപ്പിയോ ലഭിക്കും. ഇതിനൊപ്പം ബിസ്കറ്റും ലഭിക്കും. ബ്രഡ്, ബട്ടർ, ജ്യൂസ് (200 മി.ലി), ചായ അല്ലെങ്കിൽ കാപ്പി എന്നിവയടങ്ങിയ സെറ്റ് ബ്രേക്ഫാസ്റ്റായോ ഈവനിങ് ടീ ആയോ ലഭിക്കും. 

ഉച്ചഭക്ഷണമോ അത്താഴമോ ആയി ചോറും കറിയും അച്ചാറും അടങ്ങുന്ന ഭക്ഷണപ്പൊതിയോ പൂരിയും കറിയും അടങ്ങുന്ന പൊതിയോ വാങ്ങാം. പ്രാദേശിക രുചിഭേദങ്ങൾ അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.

ട്രെയിനുകൾ ഏറെ വൈകുകയാണെങ്കിൽ റീ-ഫണ്ട് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. മൂന്ന് മണിക്കൂറിലേറെ വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനാകും. 

ഭക്ഷണത്തിനും റീഫണ്ടിനും പുറമേ, യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ മറ്റ് സൗകര്യങ്ങളും വിപുലീകരിക്കും. ട്രെയിനുകൾ വൈകുന്ന മുറയ്ക്ക് അധിക ചാർജ് ഈടാക്കാതെ വെയിറ്റിങ് റൂമുകൾ ഉപയോഗിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ സേവനം സദാസമയവും ലഭ്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകൾ ദീർഘനേരം പ്രവർത്തിക്കുന്ന സംവിധാനങ്ങളും സം​ഘടിപ്പിക്കും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News