ഗുജറാത്ത് തെരഞ്ഞെടുപ്പിനൊപ്പം ഡൽഹി കോർപറേഷനും; ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ
ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിച്ച അതേ ദിവസമാണ് ഡൽഹി കോർപറേഷൻ തെരെഞ്ഞെടുപ്പിനു തീയതിയും പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: ഡൽഹി കോർപറേഷൻ വോട്ടെടുപ്പ് അടുത്ത മാസം നാലിന്. ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന്റെ തലേദിവസമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ്. ഗുജറാത്തിൽ പ്രചാരണത്തിൽ സജീവമായ ഡൽഹിയിലെ എം.എൽ.എമാർ ഇതോടെ പ്രതിസന്ധിയിലായി.
ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിച്ച അതേ ദിവസമാണ് ഡൽഹി കോർപറേഷൻ തെരെഞ്ഞെടുപ്പിനു തീയതിയും പ്രഖ്യാപിച്ചത്. ഡൽഹിയിൽ നിന്നുള്ള ആം ആദ്മി പാർട്ടി നേതാക്കൾക്കാണ് ഗുജറാത്തിൽ പല നിയോജക മണ്ഡലങ്ങളുടെയും ചുമതല. ഡൽഹിയിൽ അവരവരുടെ വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിനാൽ പലർക്കും ഡൽഹിക്കു മടങ്ങേണ്ടി വരും. പട്ടേൽ സമുദായത്തിലെ നേതാക്കൾ ആം ആദ്മിയിൽ ചേർന്നതും മോർവി തൂക്കുപാലം ദുരന്തവും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
മൂന്നു കോർപ്പറേഷനുകൾ ഏകീകരിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഡൽഹിയിലേത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 14 ആണ്. സ്ഥാനാർഥികളെ ഉയർത്തിക്കാട്ടി ആം ആദ്മി കാലേകൂട്ടി കളത്തിൽ ഇറങ്ങിയെങ്കിലും ഒറ്റ കോർപറേഷൻ ആയതോടെ വാർഡുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. മണ്ഡല പുനർനിർണയം നടന്നതോടെ ഗുജറാത്തിലെ തെരെഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചിരുന്ന ആം ആദ്മി നേതാവ് സൗരവ് ഭരദ്വാജ് ഉൾപ്പെടെയുള്ളവരുടെ പൂർണ ശ്രദ്ധ ഇനി ഡൽഹിയിലായിരിക്കും. ആം ആദ്മി നേതാക്കളെ ഡൽഹിയിൽ തളച്ചിടാൻ കഴിയുമെന്നതിൽ ബി.ജെ.പിക്ക് ആശ്വസിക്കാം. എന്നാൽ പ്രാദേശിക തലത്തിൽ സംഘടനാ ശക്തമായതിനാൽ ബി.ജെ.പിയുടെ ഉള്ളിലിരിപ്പ് നടക്കില്ലെന്ന വിശ്വാസത്തിലാണ് ആം ആദ്മി.