ഡൽഹി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയുടെ കൊലപാതകം: നീതി തേടി കുടുംബം സുപ്രീംകോടതിയിലേക്ക്
സിബിഐ അന്വേഷണവും പുനർ പോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്
ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥക്ക് നീതി തേടി കുടുംബം സുപ്രീംകോടതിയിലേക്ക്. സിബിഐ അന്വേഷണവും പുനർ പോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സർക്കാരിന് പ്രത്യേക താത്പര്യങ്ങളുണ്ടെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ മാസം 26ന് ആണ് ജോലിക്കിടയിൽ ഡല്‍ഹി സംഗംവിഹാര്‍ സ്വദേശി 21കാരിയെ കാണാതായത്. കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. ശരീരത്തില്‍ അന്‍പതോളം മുറിവുകളുണ്ടായിരുന്നു. മാറിടം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഹരിയാനയിലെ സൂരജ്കുണ്ട് എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ആവശ്യമായ നിയമ സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്തു.
പ്രതികളെ ശിക്ഷിക്കണം, അതിലൂടെ മകൾക്ക് നീതി ലഭിക്കണം. അതുവരെ നിയമ പോരാട്ടം തുടരും. പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. സിബിഐക്ക് അന്വേഷണം കൈമാറണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും യഥാർഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും പറഞ്ഞു. അതേസമയം ബലാത്സംഗം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവില്ലെന്നും യുവതിയെ കൊലപ്പെടുത്തിയശേഷം കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ നിസാമുദ്ദീൻ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.