സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; വനിതാശിശു വികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും കസ്റ്റഡിയില്‍

ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്ന കുറ്റമാണ് ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്നത്

Update: 2023-08-21 09:52 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മരിച്ചുപോയ സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെയും ഭാര്യയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിക്ക് 14 വയസുള്ളപ്പോഴാണ് ഇയാൾ പീഡിപ്പിച്ചു തുടങ്ങിയത്. പെൺകുട്ടിക്ക് ഇപ്പോൾ 17 വയസായിട്ടുണ്ട്.

ഗർഭിണിയായപ്പോൾ പ്രതിയുടെ ഭാര്യയാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നൽകിയിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ ഒന്നിനാണ് അതിജീവിതയുടെ പിതാവ് മരിക്കുന്നത്. ഇതിന് ശേഷം കുടുംബസുഹൃത്തായ പ്രതിക്കും ഭാര്യക്കൊപ്പവുമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.

ഒരാഴ്ചമുമ്പാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തെക്കുറിച്ച് ഡോക്ടർമാരോട് തുറന്ന് പറഞ്ഞത്. ഡോക്ടര്‍മാര്‍ പൊലീസിന് പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.  പോക്സോ നിയമപ്രകാരം ദമ്പതികൾക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്ന കുറ്റമാണ് ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിയും ഭാര്യയും ഗർഭഛിദ്രം നടത്തിയതിന് പിന്നാലെയാണ് പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രതിയായ ഡെപ്യൂട്ടി ഡയറക്ടറെയും ഭാര്യയെയും ചോദ്യം ചെയ്തുവരികയാണ്. കേസില്‍ മറ്റേതെങ്കിലും സാക്ഷികളെയോ പ്രതികളെയോ  ഉണ്ടെങ്കില്‍ അവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും ”ഡിസിപി നോർത്ത് ഡിസ്ട്രിക്റ്റ് സാഗർ സിംഗ് കൽസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം,  പ്രതികൾക്കെതിരെ പൊലീസ് നടപടി വൈകുന്നതായി ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ ആരോപിച്ചിരുന്നു.'ഡൽഹിയിലെ വനിതാ ശിശു വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ പദവി വഹിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉയർന്നു. ഇയാളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് നോട്ടീസ് അയച്ചുവരികയാണ്. പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഒരാൾ വേട്ടക്കാരനായി മാറിയിരിക്കുന്നു. പെൺകുട്ടികൾ എവിടെ പോകണം? അറസ്റ്റ് ഉടൻ വേണം,' അവർ ട്വീറ്റ് ചെയ്തു.മനുഷ്യരാശിയെ നാണം കെടുത്തിയ സംഭവമാണ് സംഭവമെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞിരുന്നു. നടപടികള്‍ വൈകുന്നെന്ന വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതിയായ വനിതാശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണ് സസ്‌പെഡൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News