കേസുകൾ റദ്ദാക്കണമെന്ന മുഹമ്മദ് സുബൈറിന്റെ ഹരജിയെ എതിർത്ത് ഡൽഹി പൊലീസ്
ഹരജിക്കെതിരെ പൊലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
ന്യൂഡൽഹി: തനിക്കെതിരായ കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സമർപ്പിച്ച ഹരജിയെ എതിർത്ത് ഡൽഹി പൊലീസ്. സുബൈർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിക്കെതിരെ പൊലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
തന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും തിരികെ ലഭ്യമാക്കണം എന്ന ആവശ്യവും പൊലീസ് എതിർത്തു. ഡൽഹി രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ് ഇവ. കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഉപകരണങ്ങൾ തിരികെ ലഭിച്ചിട്ടില്ല.
ഈ ഉപകരണങ്ങളിൽ നിന്ന് വീണ്ടെടുത്ത ഡാറ്റ, സംഘ്പരിവാർ അനുകൂല വ്യാജ ട്വിറ്റർ പ്രൊഫൈലിന്റെ പരാതിപ്രകാരം ഏഴ് എഫ്ഐആറുകൾ നേരിട്ട അദ്ദേഹത്തിന്റെ 2018ലെ ട്വീറ്റിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യും. ഈ ട്വീറ്റിന് സമാനമായ മറ്റ് ട്വീറ്റുകളുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറയുന്നു.
ജൂലൈ 20ന് സുപ്രിംകോടതി എല്ലാ കേസുകളിലും ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സുബൈർ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 24 ദിവസമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. സുബൈറിനെതിരായ എല്ലാ എഫ്‌ഐആറുകളും 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിലേക്ക് മാറ്റണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വെയ്ക്കാൻ ഒരു ന്യായീകരണവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്. സുബൈർ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന യുപി പൊലീസിന്റെ ആവശ്യം തള്ളിയ കോടതി ഒരു പത്രപ്രവർത്തകനോട് എഴുതരുത് എന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയുമെന്നും ചോദിച്ചിരുന്നു.
അതേസമയം, മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് കാരണമായ പരാതി നൽകിയ വ്യാജ ട്വിറ്റർ ഐ.ഡിയുടെ ഉടമ ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. 36കാരനായ ഇയാൾ രാജസ്ഥാനിലെ അജ്മീർ സ്വദേശിയാണ്. നിലവിൽ ദ്വാരകയിലാണ് താമസമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ഇയാളുടെ പേരു വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
'ഹനുമാൻ ഭക്ത്' എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ഉടമ നൽകിയ പരാതിയിലായിരുന്നു ഡൽഹി പൊലീസ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. @balajikijaiin എന്നായിരുന്നു ഈ അക്കൗണ്ട് ഓപറേറ്ററുടെ പേര് നൽകിയിരുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് സുബൈർ അറസ്റ്റിലായതിനു പിന്നാലെ, പരാതി നൽകിയ 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.
1983ൽ പുറത്തിറങ്ങിയ 'കിസി സേ നേ കെഹന' എന്ന സിനിമയിലെ ഒരു ദൃശ്യം പങ്കുവച്ചതിനായിരുന്നു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയും കേസും അറസ്റ്റും. 'ഹണിമൂൺ ഹോട്ടൽ' എന്ന പേര് മാറ്റി 'ഹനുമാൻ ഹോട്ടൽ' എന്നാക്കി മാറ്റിയതാണ് സിനിമയുടെ ദൃശ്യത്തിൽ ഉണ്ടായിരുന്നത്. 2014നു മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014നു ശേഷം ഹനുമാൻ ഹോട്ടൽ എന്ന കുറിപ്പും ഈ ചിത്രത്തിനൊപ്പമുണ്ടായിരുന്നു.