മസ്ജിദ് നിറഞ്ഞതിനെ തുടർന്ന് റോഡിൽ നമസ്‌കരിച്ചു; വിശ്വാസികളെ ചവിട്ടിയ ഡൽഹി എസ്.ഐക്ക് സസ്‌പെൻഷൻ
നമസ്‌കരിക്കുന്നവരെ ചവിട്ടിയ പൊലീസുകാരന് പിന്തുണയുമായി ബിജെപി എംഎൽഎ രാജ സിംഗ്
ന്യൂഡൽഹി:മസ്ജിദ് നിറഞ്ഞതിനെ തുടർന്ന് റോഡിൽ നമസ്‌കരിച്ച മുസ്‌ലിംകളെ ചവിട്ടിയ ഡൽഹിയിലെ സബ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എസ്.ഐയെ ഇന്ന് സസ്‌പെൻഡ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ഇൻഡർലോക് ഏരിയയിൽ റോഡിലടക്കം നമസ്‌കാരം നടക്കുന്നതിനിടെയാണ് വിവാദ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 'വിഷയത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്, ഉചിത തീരുമാനം സ്വീകരിക്കും' ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (നോർത്ത്) എം.കെ. മീന വ്യക്തമാക്കി.
റോഡിൽ നമസ്‌കരിക്കുന്ന ചിലരെ പൊലീസുകാരൻ ചവിട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നമസ്‌കാരം തടസ്സപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധമുണ്ടായി. പ്രദേശത്തെ മസ്ജിദ് നിറഞ്ഞതിനെ തുടർന്നാണ് റോഡിലേക്ക് നമസ്‌കരിക്കുന്നവരുടെ നിരയെത്തിയത്.
കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹി സംഭവത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ച് പ്രതിഷേധിച്ചു. 'ഈ ഡൽഹി പൊലീസുകാരൻ നമസ്‌കരിക്കുന്നതിനിടെ ഒരാളെ ചവിട്ടുന്നത് മനുഷ്യത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും മനസ്സിലാക്കിയല്ല. എന്താണ് ഈ പൊലീസുകാരന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന വിദ്വേഷം? ഈ ഉദ്യോഗസ്ഥനെതിരെ ഉചിതമായ വകുപ്പുകൾ പ്രകാരം കേസെടുക്കാനും അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കാനും ഡൽഹി പൊലീസിനോട് അഭ്യർത്ഥിക്കുന്നു' എം.പി കുറിച്ചു.
'സമാധാനം, സേവനം, നീതി... ഉത്സാഹത്തോടെ പ്രവർത്തിക്കുക എന്നതാണ് അമിത് ഷായുടെ ഡൽഹി പൊലീസിന്റെ മുദ്രാവാക്യം' കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിൻന്റെ പരിഹസിച്ചു.
അതേസമയം, നമസ്‌കരിക്കുന്നവരെ ചവിട്ടിയ പൊലീസുകാരന് പിന്തുണയുമായി ബിജെപി എംഎൽഎ രാജ സിംഗ് രംഗത്ത് വന്നു. രാജ്യത്ത് ആറ് ലക്ഷം പള്ളികളുണ്ടായിട്ടും റോഡിൽ തടസ്സം സൃഷ്ടിച്ച് നമസ്‌കരിക്കുന്നതെന്തിനാണെന്ന് വിവാദ ബിജെപി നേതാവ് ചോദിച്ചു. വിഷയത്തിൽ ഡൽഹി പൊലീസിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും പൊലീസ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജ പറഞ്ഞു.
Delhi sub-inspector suspended for kicking Muslims praying on the road after the mosque was overcrowded