110 ഏക്കർ ഭൂമി, ഏഴ് ഫ്‌ളാറ്റ്, 110 പവൻ സ്വർണം; വിവാദ ഐഎഎസ് ഓഫീസർ വീണ്ടും കുരുക്കിൽ
സിവിൽ സർവീസ് പരീക്ഷ ജയിക്കാൻ വ്യാജ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നതാണ് ഇവർ നേരിടുന്ന ആരോപണം
മുംബൈ: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ നടപടി നേരിടുന്ന മഹാരാഷ്ട്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെ കുരുക്കിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. സർവീസിൽ പ്രവേശിക്കാനായി ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്. കോടികളുടെ ആസ്തിയുള്ള പൂജ ഒബിസി നോൺ ക്രിമിലയർ വിഭാഗത്തിലാണ് പരീക്ഷയെഴുതിയത്. നൂറു കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള കുടുംബത്തിലെ അംഗമായ ഇവർ എങ്ങനെയാണ് ഈ വിഭാഗത്തിൽപ്പെടുന്നത് എന്നാണ് പ്രധാന ചോദ്യം.
സ്വകാര്യ ഔഡി കാറിൽ ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതിന് ട്രെയിനി ഓഫീസറായ പൂജയെ പൂനയിൽനിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓഫീസിൽ ഇവർ ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടതും കളക്ടറുടെ ചേംബർ കൈയേറിയതും വിവാദമായിരുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട് പൂന കളക്ടർ സുഹാസ് ദിവ്‌സെ നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി പൂജയ്‌ക്കെതിരെ നടപടിയെടുത്തത്.
എങ്ങനെ ഒബിസി ആയി?
ശതകോടികളുടെ ആസ്തിയുള്ള പൂജ എങ്ങനെയാണ് ഒബിസി വിഭാഗത്തിൽപ്പെടുക എന്നതാണ് ഏറ്റവുമൊടുവിലത്തെ ചോദ്യം. 110 ഏക്കർ വരുന്ന കൃഷിഭൂമിയും 1.6 ലക്ഷം ചതുരശ്ര അടിയുള്ള ആറു കടകളും ഏഴു ഫ്‌ളാറ്റുകളും പൂജയുടെ കുടുംബത്തിനുണ്ട്. 900 ഗ്രാം സ്വർണവും ഡയമണ്ടും സ്വന്തമായുണ്ട്. 17 ലക്ഷം രൂപ മൂല്യമുള്ള സ്വർണവാച്ച്, ഔഡി അടക്കം നാല് ആഡംബര കാറുകൾ, രണ്ട് സ്വകാര്യ കമ്പനികളിൽ പാർട്ണർഷിപ്പ് എന്നിവയും ഇവരുടെയും കുടുംബത്തിന്റെയും പേരിലുണ്ട്. പൂജയ്ക്ക് മാത്രം 17 കോടി രൂപയുടെ ആസ്തിയുണ്ട്.
വാർഷിക കാർഷിക വരുമാനമായി അച്ഛൻ ദിലീപ് ഖേദ്കർ കാണിച്ചിട്ടുള്ളത് 48 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ സത്യവാങ്മൂല പ്രകാരം 40 കോടി രൂപയാണ് ദിലീപിന്റെ ആസ്തി. ഭാര്യ മനോരമയുടെ പേരിൽ 15 കോടി രൂപയുടെ സ്വത്തുണ്ട്. ഇങ്ങനെയിരിക്കെ ഇവർക്ക് നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ലഭിച്ചത് ദുരൂഹമായി തുടരുന്നു.
ആരാണ് പൂജ?
2022 ബാച്ച് മഹാരാഷ്ട്ര കേഡറിൽനിന്നുള്ള ഐഎഎസ് ഓഫീസറാണ് പൂജ ഖേദ്കർ. പേഴ്‌സൺ വിത്ത് ഡിസാബിലിറ്റി (പിഡബ്ല്യൂഡി) വിഭാഗത്തിൽ പരീക്ഷയെഴുതിയ ഇവർക്ക് ആൾ ഇന്ത്യാ റാങ്കിൽ 841-ാം സ്ഥാനമാണ് ലഭിച്ചിരുന്നത്. അച്ഛൻ ദിലീപ് ഖേദ്കർ റിട്ടയേഡ് ഐഎഎസ് ഓഫീസറാണ്. സിവിൽ സർവീസ് പരീക്ഷ ജയിക്കാൻ വ്യാജ ഒബിസി, ഡിസാബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നതാണ് ഇവർ നേരിടുന്ന ഗുരുതരമായ ആരോപണം.
ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കൽ പരിശോധനയ്ക്കായി അഞ്ചു വിളിച്ചെങ്കിലും ഇവർ പല കാരണങ്ങൾ പറഞ്ഞ് ഇതുവരെ ഹാജരായിട്ടില്ല. ഭിന്നശേഷിക്കാരിയാണ് എന്നു തെളിയിക്കാൻ ഡൽഹി എയിംസിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാൻ നിർദേശമുണ്ടായിരുന്നു എങ്കിലും ഇവർ ചെവിക്കൊണ്ടിട്ടില്ല. കോവിഡ് ബാധിച്ചെന്ന് പറഞ്ഞാണ് ഇവർ ഹാജരാകാതിരുന്നത്. അതിനിടെ, സ്വകാര്യ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി പൂജ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
പൂജ സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ യു.പി.എസ്.സി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (സി.എ.ടി) സംശയം പ്രകടിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി 23ന് സി.എ.ടി ഇവരുടെ വിഷയത്തിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ഇടപെടലിൽ പൂജയ്ക്ക് നിയമനം കിട്ടി എന്നാണ് ആരോപണം. ഇതിന് പിന്നാലെ ഇവരെ മുസൂറിയിലെ ട്രയിനിങ് കേന്ദ്രത്തിലേക്ക് അയച്ചു. അതിനു ശേഷം മഹാരാഷ്ട്രയിലെ ബന്ധാര ജില്ലയിൽ പ്രൊബേഷൻ ട്രയിനിങ്. പിന്നാലെ പൂനയിലേക്കും.