207 കിഗ്രാം സ്വര്‍ണം, 1,280 കിലോ വെള്ളി, 354 വജ്രക്കല്ലുകള്‍; ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോള്‍ കണ്ണുതള്ളി ഭക്തര്‍
ഭണ്ഡാരത്തിൽ നിന്ന് കിട്ടിയ വസ്തുക്കൾ കണക്കാക്കാന്‍ ഇനിയും രണ്ടാഴ്ച വേണ്ടിവരുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ തുൽജാ ഭവാനി ക്ഷേത്രഭണ്ഡാരം തുറന്നപ്പോൾ കിട്ടിയ വിലയേറിയ വസ്തുക്കൾ കണ്ട് അമ്പരക്കുകയാണ് ജീവനക്കാരും ഭക്തരും.207 കിഗ്രാം സ്വര്‍ണം, 1,280 കിലോ വെള്ളി, 354 വജ്രക്കല്ലുകള്‍... തുടങ്ങി കോടികള്‍ വിലമതിക്കുന്നവയാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ചത്.
ഒരാഴ്ചയോളമാണ് ഇവയെല്ലാം എണ്ണിത്തീർക്കാനായി ജീവനക്കാർക്കു വേണ്ടി വന്നത്. ഇപ്പോഴും തീർന്നിട്ടില്ല. ഭണ്ഡാരത്തിൽ നിന്ന് കിട്ടിയ വസ്തുക്കൾ കണക്കാക്കാന്‍ ഇനിയും രണ്ടാഴ്ച വേണ്ടിവരുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ഔറംഗബാദിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. 15 വര്‍ഷം കൂടുമ്പോഴാണ് ക്ഷേത്രഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്താറുള്ളത്. ഇതുപ്രകാരം കഴിഞ്ഞയാഴ്ചയാണ് ഭണ്ഡാരം തുറന്നത്. 35 പേരടങ്ങുന്ന സംഘം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6.30-7 വരെയാണ് എണ്ണിത്തിട്ടപ്പെടുത്താനായി ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ട്. കണക്കെടുപ്പ് നിരീക്ഷിക്കുന്നതിനായി 35-40 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
12-ാം നൂറ്റാണ്ടിൽ കടമ്പ് രാജവംശത്തിലെ മറാത്ത മഹാമണ്ഡലേശ്വര മരദദേവയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.ക്ഷേത്രത്തിന്‍റെ നടത്തിപ്പും പൗരോഹിത്യാവകാശവും മരദാദേവയുടെ പിൻഗാമികളായ പാലികർ ഭോപ്പേ വംശത്തിന്‍റെ കൈവശമാണ്. പാര്‍വതി ദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.