ദേവതമാരുടെ ഉറക്കം കെടുത്തുന്നു; പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം മാറ്റി
എലികളെ തുരത്തുന്നതിനായി ഒരു ഭക്തനാണ് ക്ഷേത്രത്തിലേക്ക് യന്ത്രം സംഭാവന ചെയ്തത്
ഭുവനേശ്വര്‍: എലിശല്യം ഒഴിവാക്കുന്നതിനായി പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്തു. യന്ത്രങ്ങളില്‍ നിന്നുള്ള ശബ്ദം ദേവതമാരുടെ ഉറക്കം കെടുത്തുന്നുവെന്ന കാരണത്താലാണ് മാറ്റിയത്. എലികളെ തുരത്തുന്നതിനായി ഒരു ഭക്തനാണ് ക്ഷേത്രത്തിലേക്ക് യന്ത്രം സംഭാവന ചെയ്തത്.
യന്ത്രത്തില്‍ നിന്നുണ്ടാകുന്ന മൂളല്‍ ശബ്ദം രാത്രിയില്‍ ദേവതമാരുടെ ഉറക്കത്തിന് ഭംഗമുണ്ടാക്കുന്നുവെന്നാണ് പരാതി. "മെഷീൻ ഉപയോഗിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു.ഞങ്ങൾ അത് ശ്രീകോവിലിൽ പരീക്ഷിച്ചു. എന്നാല്‍ പരീക്ഷണത്തിനിടെ യന്ത്രത്തില്‍ നിന്നുള്ള മുഴക്കം ശ്രദ്ധയില്‍ പെട്ടു. ശബ്ദം എലികളെ ഭയപ്പെടുത്തുന്നുവെന്ന് ഓപ്പറേറ്റർ പറഞ്ഞു.എന്നാല്‍ ജീവനക്കാര്‍ക്ക് ഇത് അംഗീകരിക്കാനാകുന്നില്ല'' ക്ഷേത്രത്തിന്‍റെ അഡ്മിനിസ്ട്രേറ്റർ ജിതേന്ദ്ര സാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് പുരി ജഗന്നാഥ ക്ഷേത്രം. ലക്ഷക്കണക്കിന് ഭക്തരാണ് ദിനംപ്രതി ക്ഷേത്രത്തിലെത്തുന്നത്. കഴിഞ്ഞു കുറച്ചു നാളുകളായി ഇവിടെ എലി ശല്യം രൂക്ഷമായിരുന്നു. ദൈവങ്ങളുടെ വസ്ത്രങ്ങള്‍ എലികള്‍ വലിച്ചുകീറുകയും ദേവന്‍മാര്‍ക്ക് അര്‍പ്പിക്കുന്ന പൂക്കള്‍ വിഴുങ്ങുകയും ചെയ്യുന്നുണ്ട്. കൽത്തറയിലൂടെ ആഴത്തിൽ കുഴിയെടുക്കാനും എലികൾക്ക് കഴിഞ്ഞുവെന്നും അതിനാൽ, ശ്രീകോവിലിന്റെ ഘടനാപരമായ ബലത്തെക്കുറിച്ച് ജീവനക്കാരും ഭക്തരും ഒരുപോലെ ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യന്ത്രം മാറ്റിയ സാഹചര്യത്തില്‍ പഴയ പോലെ എലിക്കെണി ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. ഇങ്ങനെ കെണിയിലാകുന്ന എലികളെ ക്ഷേത്രത്തിനു പുറത്തു കൊണ്ടുവിടുകയാണ് പതിവ്. എലികളെ വിഷം വച്ചു കൊല്ലാനും അനുവാദമില്ല.