പള്ളികളിൽ സർവേ അനുവദിച്ച ജ. ചന്ദ്രചൂഡ് രാജ്യത്തോടും ഭരണഘടനയോടും ചെയ്തത് വലിയ ദ്രോഹം-ദുഷ്യന്ത് ദവേ
'ഈ രാജ്യത്തെ ഇസ്‌ലാമിക ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോട്, ചെങ്കോട്ടയുടെയും താജ്മഹലിന്റെയും കുത്തബ് മിനാറിന്റെയുമെല്ലാം താഴെ കുഴിച്ചുനോക്കി തകർക്കാൻ തുടങ്ങൂവെന്നാണ് പറയാനുള്ളത്.'
ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികൾക്കും ദർഗകൾക്കും ഉയർന്നുകൊണ്ടിരിക്കുന്ന അവകാശവാദങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകനും സുപ്രിംകോടതി ബാർ അസോസിയേഷൻ മുൻ അധ്യക്ഷനുമായ ദുഷ്യന്ത് ദവേ. 2022 മേയിൽ ഗ്യാൻവാപി കേസിലൂടെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് പണ്ടോറയുടെ പെട്ടി തുറന്നതെന്നും പുതിയ കേസുകൾക്കു വഴിതെളിയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബാബരി കേസിലെ സ്വന്തം വിധിയുടെ ലംഘനമാണ് അദ്ദേഹം നടത്തിയതെന്നും പള്ളികളിൽ സർവേ അനുവദിച്ചതിലൂടെ രാജ്യത്തോടും ഭരണഘടനയോടും വലിയ ദ്രോഹമാണ് ജ. ചന്ദ്രചൂഡ് ചെയ്തിരിക്കുന്നതെന്നും ദവേ വിമർശിച്ചു.
'ദി വയറി'ൽ മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ താപ്പർക്കു നൽകിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവേ മുൻ ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര പരാമർശങ്ങൾ നടത്തിയത്. ഗ്യാൻവാപി കേസിൽ വിചാരണാ കോടതിയും ഹൈക്കോടതിയും തള്ളിയ ന്യൂനപക്ഷ സമുദായത്തിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുരാവസ്തു വകുപ്പിന്റെ സർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അനുവദിച്ചത് ശരിക്കും ഞെട്ടിച്ചുകളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വിധിന്യായം തന്നെയാണ് അദ്ദേഹം ലംഘിച്ചത്. അങ്ങനെയാണ് പണ്ടോറയുടെ പെട്ടി തുറന്നത്. ഇത്തരത്തിലുള്ള ഒരു കേസും നിയമനടപടിയും അനുവദിക്കില്ലെന്നും രാജ്യത്തെ ഒരു കോടതിയും അത്തരം നീക്കം വകവച്ചുനൽകരുതെന്നും ഉത്തരവിട്ടിരുന്നെങ്കിൽ അതു രാജ്യത്തിനുള്ള വലിയ സേവനമാകുമായിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയാറായിരുന്നില്ല. ദുരൂഹമായ കാരണങ്ങളാൽ രാഷ്ട്രീയക്കാരുടെ കൈയിലെ കളിപ്പാവയായി നിന്നുകൊടുക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും ദവേ ആരോപിച്ചു.
''രാജ്യത്തെ അസ്ഥിരപ്പെടുത്താനും ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനും ആഗ്രഹിക്കുന്നവരുടെ കൈകളിലെ കളിപ്പാവയാകുകയായിരുന്നു ജ. ചന്ദ്രചൂഡ്. ബിജെപിയുടെ സ്വാധീനത്തിലാണ് അദ്ദേഹം ഇത്തരമൊരു വിധിന്യായം നടത്തിയതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രധാനമന്ത്രിക്കൊപ്പമുള്ള ഗണേശ ചതുർഥിയിലൂടെയും(ഗണപതി പൂജയിലൂടെ), അയോധ്യ വിധിയിൽ സർവശക്തനിൽനിന്നുള്ള ദിവ്യജ്ഞാനം ലഭിച്ചെന്നു പറഞ്ഞതിലൂടെയും അക്കാര്യം അദ്ദേഹം തെളിയിക്കുകയും ചെയ്തു. എങ്ങനെയാണ് ഒരു ചീഫ് ജസ്റ്റിസിന് ഇതെല്ലാം ചെയ്യാനാകുക? വലിയ പ്രതിച്ഛായയും പേരുമുള്ളൊരാൾ, മതേതരത്വത്തെ കുറിച്ചും നിയമവാഴ്ചയെ കുറിച്ചും നിരന്തരം പ്രസംഗിക്കുന്നയാളാണ് ഇപ്പോൾ രാജ്യത്തെ നിയമവാഴ്ച പൂർണമായി തകർത്തുകളഞ്ഞിരിക്കുന്നത്.''-ദുഷ്യന്ത് ദവേ ആരോപിച്ചു.
''രാജ്യത്ത് ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. 1991ലെ ആരാധനാലയ നിയമത്തിലൂടെ നിരോധിക്കപ്പെട്ട കാര്യങ്ങളാണിത്. അയോധ്യ രാമജന്മഭൂമി കേസിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഈ നിയമത്തിൽ അടിസ്ഥാനപരമായി രണ്ടു തത്വങ്ങളുണ്ടെന്ന് സ്പഷ്ടമാക്കുന്നുണ്ട്. 1947 ആഗസ്റ്റ് 15നു മുൻപുള്ള എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്നതാണ് ഒന്നാമത്തെ തത്വം. ഈ നിയമത്തിൽനിന്ന് ഇളവ് ചെയ്യപ്പെട്ടവ ഒഴികെയുള്ള ഒരു ആരാധനാലയവും തൊടാൻ പാടില്ലെന്നും വ്യക്തമാക്കി. രണ്ടാമതായി, ഈ നിയമത്തിലെ നാലാം വകുപ്പിലെ രണ്ടാം ഉപവകുപ്പിന് ബെഞ്ച് ഒരു വ്യാഖ്യാനവും നൽകുന്നുണ്ട്. പുതിയ കേസുകളോ ഹരജികളോ അപ്പീലോ വഴി 1947 ആഗസ്റ്റ് 15നുമുൻപുള്ള ഒരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റാൻ പറ്റില്ലെന്നാണ് ബെഞ്ച് വിശദീകരിച്ചത്. 1947നുമുൻപ് തന്നെ നിയമനടപടികൾ നിലനിന്നതുകൊണ്ടാണ് രാമജന്മഭൂമി-ബാബരി കേസിനെ ഈ വകുപ്പിൽനിന്ന് ഒഴിവാക്കിയത്.
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കുന്നതാണ് ഈ നിയമമെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ഒരിക്കലും നിയമം ലംഘിക്കാതിരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറയുന്നുണ്ട്. ഭരണഘടനയുടെ മൗലികതത്വമായതുകൊണ്ടുതന്നെ, എല്ലാ മതവിശ്വാസങ്ങൾക്കിടയിലും തുല്യത പുലർത്താനുള്ള സർക്കാരിന്റെ ഉത്തരവാദിത്തം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് ആ വിധിയിൽ. ചരിത്രപരമായ പിഴവുകൾ ജനങ്ങൾ നിയമം കൈയിലെടുത്ത് തിരുത്താൻ നോക്കരുതെന്നും കോടതി വ്യക്തമാക്കി.
മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമനടപടികളെയും ഹരജികളെയും നിയമം തടയുന്നില്ലെന്നൊരു നിരീക്ഷണം രാമജന്മഭൂമി വിധി പറഞ്ഞ അഹലബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശർമ(ജസ്റ്റിസ് ധരംവീർ ശർമ) നടത്തിയിരുന്നു. എന്നാൽ, സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഈ നിരീക്ഷണം തള്ളുകയാണു ചെയ്തത്. ഈ നിരീക്ഷണം തെറ്റാണെന്നു പറഞ്ഞ കോടതി, ഭാവിയിൽ ഏതെങ്കിലും ആരാധനാലയത്തിൽ അവകാശവാദം ഉന്നയിച്ച് പുതിയ ഹരജികൾ പാടില്ലെന്നു നിയമം വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തെ നിയമമാണ്. എക്‌സിക്യൂട്ടീവിനും സുപ്രിംകോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറിക്കും അതു പാലിക്കാനുള്ള ബാധ്യതയുണ്ട്.''
ആ നിയമത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ജ. ചന്ദ്രചൂഡിന് അറിയാവുന്നതാണ്. രാജ്യത്ത് സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്താൻ വേണ്ടിയാണ് അത്തരമൊരു നിയമമുള്ളത്. ദിവസവും എത്ര പേരുടെ ജീവനാണു പൊലിയുന്നത്. രണ്ടു സമുദായം എന്നെന്നേക്കുമായി വിഭജിക്കപ്പെടുകയാണ്. ഈ മുറിവുകൾ ഉണക്കാനാകില്ല. രാജസ്ഥാനിലായാലും ഉത്തർപ്രദേശിലായാലും ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് ഇതെല്ലാം നടക്കുന്നതെന്നും ദവേ ചൂണ്ടിക്കാട്ടി.
ഈ രാജ്യത്തോടും ഭരണഘടനയോടും വലിയ ദ്രോഹമാണ് ജ. ചന്ദ്രചൂഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രിംകോടതി വിധിയെ ലംഘിച്ചതിന്റെ കുറ്റം അദ്ദേഹത്തിനും സഹപ്രവർത്തകർക്കുമില്ലേ? അവർക്ക് നിയമവാഴ്ച തകർത്തതിന്റെ ഉത്തരവാദിത്തമില്ലേ? 1992ൽ ബാബരി മസ്ജിദ് തകർത്തത് നിയമവാഴ്ചയുടെ തകർച്ചയാണെന്ന് കോടതി വ്യക്തമായി പറഞ്ഞതാണ്. അദ്ദേഹം തന്നെ ആ വിധിയുടെ ഭാഗമായിരുന്നു. പിന്നീട് എങ്ങനെയാണ് അദ്ദേഹം തന്നെ ഇത്തരമൊരു കാര്യം അനുവദിച്ചത്. ജഡ്ജിമാർ അവരുടെ തന്നെ വിധിന്യായങ്ങളുടെ കോടതിയലക്ഷ്യം നേരിടാമെന്ന നിയമം ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ല. എന്നാൽ, സ്വന്തം വിധിയെ ലംഘിച്ചതിന്റെ കുറ്റം ജ. ചന്ദ്രചൂഡിനുണ്ടെന്നും ദുഷ്യന്ത് ദവേ തുടർന്നു.
''ആരാധനാലയ നിയമത്തിനു നൽകിയ വ്യാഖ്യാനത്തിലൂടെ ബൗദ്ധികമായി സത്യസന്ധതയില്ലായ്മയാണ് ജ. ചന്ദ്രചൂഡ് കാണിച്ചത്. ഈ വിധിയിൽ ചന്ദ്രചൂഡിനോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാമായിരുന്നിട്ടും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അതു ചെയ്തില്ല. എല്ലാവരും അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിൽക്കുകയായിരുന്നു.
ഈ നിയമം പാർലമെന്റിൽ റദ്ദാക്കാനുള്ള ധൈര്യം ബിജെപിക്കില്ല. കാരണം അവരുടെ സഖ്യകക്ഷികൾ തന്നെ അവരെ പിന്തുണയ്ക്കില്ല. അതുകൊണ്ടാണു നേരിട്ടു ചെയ്യാൻ കഴിയാത്തത് അവർ പരോക്ഷമായി നടപ്പാക്കുന്നത്.
എല്ലാ പള്ളിക്കും താഴെ ശിവലിംഗം തിരയാൻ നിൽക്കരുതെന്നും ഈ പരിപാടി നിർത്തണമെന്നും ആർഎസ്എസിന്റെ മോഹൻ ഭാഗവത് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലെങ്കിലും ഈ പറഞ്ഞതിന് അദ്ദേഹത്തോട് ആദരവുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഗൗരവത്തിലുള്ള ആത്മവിചിന്തനം നടത്തേണ്ട സമയമാണിത്. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ആൾക്കൂട്ടക്കൊല തുടങ്ങിയവയെല്ലാം, ഒരു ശിക്ഷാനടപടിയുമുണ്ടാകില്ലെന്ന ഉറച്ച ധൈര്യത്തിലും ബിജെപി സംസ്ഥാന സർക്കാരുകളുടെ പിന്തുണയിലുമാണു നടക്കുന്നത്. അടുത്തിടെ ബറോഡയിൽ ഒരു ബിജെപി പ്രവർത്തകന്റെ മകൻ കൊല്ലപ്പെട്ടു. മുസ്‌ലിമാണു കൊന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷിക്കുകയാണു വേണ്ടത്. എന്നാൽ അതിനു പകരം, പഴയ ബറോഡയിൽ ഒരു നൂറ്റാണ്ടു കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം വ്യാപാരസ്ഥാപനങ്ങളെല്ലാം ഒഴിപ്പിക്കുകയും തകർക്കുകയുമാണു ചെയ്തത്. പൊലീസും ഭരണകൂടവും ചേർന്ന് ഭീതിയുടെ അന്തരീക്ഷമാണു സൃഷ്ടിക്കുന്നത്.''
ഈ രാജ്യത്തെ ഇസ്‌ലാമിക ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോട്, ചെങ്കോട്ടയുടെയും താജ്മഹലിന്റെയും കുത്തബ് മിനാറിന്റെയുമെല്ലാം താഴെ കുഴിച്ചുനോക്കി തകർക്കാൻ തുടങ്ങൂവെന്നാണ് പറയാനുള്ളത്. ഈ ആയിരക്കണക്കിന് സ്മാരകങ്ങൾ രാജ്യത്തിന്റെ വലിയ പൈതൃകങ്ങളാണ്. ഇതെല്ലാം എവിടെയാണ് അവസാനിക്കുക? ഞാനൊരു ആത്മാഭിമാനമുള്ള ഹിന്ദുവും ബ്രാഹ്മണനുമാണ്. ദിവസവും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നയാളുമാണെന്നും അദ്ദേഹം പറഞ്ഞു.
''ഗുജറാത്തിൽ രണ്ടു സമുദായങ്ങൾ അപരിഹാര്യമാംവിധം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അവിടെ ഒരിടത്തും മുസ്‌ലിംകൾക്ക് ഹിന്ദുക്കൾക്കൊപ്പം ജീവിക്കാനാകില്ല. ഒരിടത്തും മുസ്‌ലിംകൾക്കൊപ്പം ഹിന്ദുക്കളും ജീവിക്കില്ല. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമുള്ള ജുഹാപുരയെ അഹ്മദാബാദിലുള്ള എന്റെ സുഹൃത്തുക്കളിൽ പലരും വിളിക്കുന്നത് മിനി പാകിസ്താൻ എന്നാണ്. ഇതിനു വേണ്ടിയാണോ നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികൾ പോരാടിയത്? ഇതിനു വേണ്ടിയാണോ ആയിരങ്ങൾ ജീവൻ ബലികൊടുത്തത്? വിഭജനത്തിനുശേഷം പാകിസ്താനിലേക്കു പോകാൻ ആഗ്രഹിച്ച മുസ്‌ലിംകളെല്ലാം അവിടേക്കു പോയി. ഇവിടെ തന്നെ നിന്നവർ നമ്മൾ ഭൂരിപക്ഷത്തിന്റെ കൈകളിലാണ് അവരുടെ ഭാവി കണ്ടത്? 77 വർഷം കഴിഞ്ഞാണോ 600-700 വർഷം മുൻപ് നടന്നതിനെ കുറിച്ചെല്ലാം നമ്മൾ സംസാരിക്കുന്നത്?''
ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ ഇപ്പോഴും ഭരണഘടനയിലാണെന്നും ദുഷ്യന്ത് ദവേ സൂചിപ്പിച്ചു. പാകിസ്താൻ ഉൾപ്പെടെ ഇസ്‌ലാമിക രാജ്യങ്ങളിൽ ആയിരക്കണക്കിന് ചാവേർ സ്‌ഫോടനങ്ങളുണ്ടായി. നമ്മൾക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്; തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുണ്ട്, ദരിദ്രരെ പട്ടിണിയിൽനിന്ന് കൈപ്പിടിച്ചുയർത്താനുണ്ട്, നല്ല വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാം ആവശ്യമാണ്. സമാധാനവും ശാന്തിയുമാണു നമുക്കു വേണ്ടത്.''
ഇതേക്കുറിച്ചെല്ലാം ആലോചിച്ച് ഉറക്കമില്ലാതായ രാത്രികളുണ്ട് തനിക്കെന്നും വികാരാധീനനായി ദവേ പറഞ്ഞു. എന്തിനാണ് ഇതിലൊക്കെ ഇങ്ങനെ ആലോചിച്ചിരിക്കുന്നതെന്ന് ഭാര്യ ദിവസവും ചോദിക്കാറുണ്ട്. ഞാൻ എന്റെ രാജ്യത്തെ കുറിച്ച് ആശങ്കാകുലനായതുകൊണ്ടാണ് ഇതെല്ലാം ആലോചിക്കുന്നത്. ഇത് എന്നെ ഇത്രയും ബാധിക്കുന്നുവെങ്കിൽ ന്യൂനപക്ഷങ്ങളെ എത്രമാത്രം അലട്ടുന്നുണ്ടാകുമെന്ന് സങ്കൽപിച്ചുനോക്കൂ. രാജ്യത്ത് ഒരാളും ഇതിനെതിരെ എണീറ്റുനിന്നു പോരാടാൻ ഒരുക്കമല്ലെന്നും ദുഷ്യന്ത് ദവേ കൂട്ടിച്ചേർത്തു.
Summary: 'By permitting survey of mosques justice DY Chandrachud did a great disservice to constitution, country': Says SC Bar Association former president Dushyant Dave