ഡൽഹി ആസിഡ് ആക്രമണം: ഫ്‌ളിപ്കാർട്ടിനും ആമസോണിനും വനിതാ കമ്മീഷൻ നോട്ടീസ്

17-കാരിയായ വിദ്യാർഥിയുടെ നേരെ ആക്രമണം നടത്തിയ പ്രതികൾ ആസിഡ് വാങ്ങിയത് ഫ്‌ളിപ്കാർട്ടിൽനിന്നാണ്.

Update: 2022-12-15 10:30 GMT
Advertising

ന്യൂഡൽഹി: പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ ഇ കൊമേഴ്‌സ് കമ്പനികൾക്ക് ഡൽഹി വനിതാ കമ്മീഷൻ നോട്ടീസയച്ചു. പ്രതികൾ ആസിഡ് വാങ്ങിയത് ഫ്‌ളിപ്കാർട്ടിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആമസോൺ, ഫ്‌ളിപ്കാർട്ട് സൈറ്റുകൾ വഴി ആസിഡുകൾ സുലഭമായി ലഭിക്കുന്നത് ചോദ്യം ചെയ്താണ് കമ്മീഷൻ നോട്ടീസ് അയച്ചത്.

കേസിലെ മുഖ്യ പ്രതിയായ സച്ചിൻ അറോറ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രണയത്തിൽനിന്ന് പെൺകുട്ടി പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നും പ്രതി പോലീസിന് മൊഴി നൽകി. മുഖത്തും കഴുത്തിലും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഓൺലൈൻ വിപണിയിൽ എന്തുകൊണ്ടാണ് ആസിഡ് ലഭ്യമാകുന്നതെന്ന് അറിയിക്കാൻ കത്തിൽ ആവശ്യപ്പെടുന്നു. ആസിഡ് വിൽപനക്കുവെച്ച ഏജൻസിയുടെ പൂർണവിവരങ്ങൾ, ആസിഡ് ഓൺലൈനിൽ വിൽക്കുന്നതിനുള്ള ലൈസൻസിന്റെ പകർപ്പ്, സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്പന്നങ്ങൾ വിൽക്കുന്നതിന് സ്വീകരിച്ച പോളിസിയുടെ പകർപ്പുകൾ, ആസിഡ് വാങ്ങിയ ആളുകളുടെ ഫോട്ടോ ഐ.ഡി കാർഡ് എന്നിവയും നൽകണമെന്ന് വനിതാ കമ്മീഷന്റെ നോട്ടീസിൽ ആവശ്യപ്പെടുന്നു.

ബുധനാഴ്ച രാവിലെയാണ് പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻഗാർഡൻ ഏരിയയിൽ 17-കാരിയായ വിദ്യാർഥി ആസിഡ് ആക്രമണത്തിന് ഇരയായത്. സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News