എന്‍ഡിഎയില്‍ 36 പാര്‍ട്ടികളുണ്ട്, ഇ.ഡിയും സി.ബി.ഐയും ഐടിയുമാണ് ശക്തമായ കക്ഷികള്‍; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ
മണിപ്പൂരിലെ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച താക്കറെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കാൻ പോലും തയ്യാറല്ലെന്ന് പറഞ്ഞു
മുംബൈ: ബി.ജെ.പിക്കെതിരെ പരിഹാസവുമായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സിബിഐയും മാത്രമാണ് എന്‍ഡിഎയിലെ ശക്തമായ കക്ഷികളെന്ന് താക്കറെ പരിഹസിച്ചു. ശിവസേന (യുബിടി) മുഖപത്രമായ 'സാമ്‌ന'യുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് തുറന്നടിച്ചത്.
മണിപ്പൂരിലെ വംശീയ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച താക്കറെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കാൻ പോലും തയ്യാറല്ലെന്ന് പറഞ്ഞു.അടുത്തിടെ നടന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ യോഗത്തെ പരാമര്‍ശിച്ച്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പിക്ക് അവരുടെ സർക്കാർ എൻ.ഡി.എ സർക്കാരും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദി സര്‍ക്കാരുമാണെന്ന് ചൂണ്ടിക്കാട്ടി. എൻഡിഎയുടെ ഭാഗമായ 38 പാർട്ടികളുടെ നേതാക്കൾ കഴിഞ്ഞയാഴ്ച ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ശിവസേന (യുബിടി) ഉൾപ്പെടെ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവില്‍ യോഗം ചേര്‍ന്ന അന്നുതന്നെയായിരുന്നു എന്‍ഡിഎയുടെ യോഗവും. ഭരണകക്ഷിയായ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
''എൻഡിഎയിൽ 36 പാർട്ടികളുണ്ട്. ഇഡി, സിബിഐ, ആദായ നികുതി എന്നിവ മാത്രമാണ് എൻഡിഎയിലെ മൂന്ന് ശക്തമായ കക്ഷികൾ. മറ്റ് പാർട്ടികൾ എവിടെ?ചില പാർട്ടികൾക്ക് ഒരു എംപി പോലും ഇല്ല.'' താക്കറെ അഭിമുഖത്തില്‍ പറഞ്ഞു. കശ്മീർ മുതൽ കന്യാകുമാരി വരെ ഗോവധ നിരോധനത്തിനായി ബിജെപി ആദ്യം നിയമം കൊണ്ടുവരണമെന്ന് ഏക സിവിൽ കോഡ് വിഷയത്തിൽ താക്കറെ പറഞ്ഞു.നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെങ്കിൽ ബിജെപിയിലെ അഴിമതിക്കാരും ശിക്ഷിക്കപ്പെടണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താക്കറെ കുടുംബം ഉള്ളിടത്താണ് യഥാർത്ഥ ശിവസേനയെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയിൽ പിളർപ്പ് ഉണ്ടാക്കിയവർ അത് നശിക്കുമെന്ന് കരുതിയെന്നും എന്നാൽ അത് വീണ്ടും ഉയരുകയാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.