ബിജെപി വിട്ട് തൃണമൂലിലെത്തിയ എംഎൽഎക്ക് ഇ.ഡി നോട്ടീസ്

കല്യാണിയുടെ സോൾവെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊൽക്കത്തയിലെ രണ്ട് ടെലിവിഷൻ ചാനലുകളും തമ്മിലുള്ള സംശയകരമായ സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഇ.ഡി നോട്ടീസ് അയച്ചതെന്നാണ് സൂചന.

Update: 2022-07-30 09:52 GMT
Advertising

ന്യൂഡൽഹി: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ കൃഷ്ണ കല്യാണി എംഎൽഎക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കല്യാണിയുടെ സോൾവെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊൽക്കത്തയിലെ രണ്ട് ടെലിവിഷൻ ചാനലുകളും തമ്മിലുള്ള സംശയകരമായ സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഇ.ഡി നോട്ടീസ് അയച്ചതെന്നാണ് സൂചന.

വ്യവസായ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ സുഹൃത്തിന്റെ വീട്ടിൽനിന്ന് 50 കോടി രൂപ ഇ.ഡി പിടിച്ചെടുത്തതിനെ തുടർന്ന് അദ്ദേഹത്തെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എംഎൽഎക്ക് കൂടി ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനാണ് കല്യാണി.

2002ലാണ് കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യോത്പന്ന കമ്പനിയായ കല്യാണി സോൾവെക്‌സ് സ്ഥാപിച്ചത്. 2021ൽ ബിജെപി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. തുടർന്ന് എംഎൽഎ സ്ഥാനം രാജിവെക്കാതെ കൂറുമാറി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന രണ്ട് ടി.വി ചാനലുകളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിനാണ് എംഎൽഎയുടെ കമ്പനിക്ക് നോട്ടീസ് നൽകിയതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News