നാഷനൽ ഹെറാൾഡ് കേസ്; ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി സമൻസ്

നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കർണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമൻസ്.

Update: 2022-10-03 09:48 GMT
Advertising

ബെം​ഗളൂരു: നാഷനൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ഒക്ടോബര്‍ ഏഴിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമന്‍സ് അയച്ചിരിക്കുന്നത്.

സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ വച്ച് ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറിലേറെ നേരമാണ് ചോദ്യം ചെയ്തത്. നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കർണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമൻസ്. യാത്രയിൽ ശിവകുമാറും പങ്കാളിയാണ്.

നാഷണല്‍ ഹെറാള്‍ഡ് കേസിലും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് തന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനകളിലും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഡി.കെ ശിവകുമാര്‍ കഴിഞ്ഞ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിർണായക സമയത്താണ് ഇ.ഡി നോട്ടീസ് നൽകിയതെന്നും ഇതിൽ കേന്ദ്രസർക്കാറിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനിടെ, ഡി.കെ ശിവകുമാറിന്റെ വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. സെപ്തംബർ 28ന് രാത്രിയാണ് ശിവകുമാറിന്റെ രാമന​ഗര ജില്ലയിലെ വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്തംബര്‍ മൂന്നിന് ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ വര്‍ഷം മേയില്‍ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയിൽ കർണാടക മുഖ്യമന്ത്രിക്കെതിരായ 'പേസിഎം' കാമ്പയിനിന്റെ ഭാഗമായുള്ള ടീ ഷർട്ട് ധരിച്ചതിന് ചാമരാജനഗറിൽ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ അദ്ദേഹം രം​ഗത്തുവന്നു. താനും പേസിഎം ടീ ഷർട്ട് ധരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നുമാണ് കർണാടക പൊലീസിനോട് ഡി.കെ ശിവകുമാർ പറഞ്ഞത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News