ഇന്‍ഡ്യ മുന്നണിയുടെ എട്ട് വോട്ടുകള്‍ അസാധുവായി; ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി ജയം
പ്രിസൈഡിങ് ഓഫീസറും ബിജെപിയും തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു എന്ന് ഇൻഡ്യ സഖ്യം
ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി ജയം. ഇൻഡ്യ മുന്നണിക്ക് ഭൂരിപക്ഷമുള്ള കോർപറേഷനിൽ എട്ട് വോട്ടുകള്‍ അസാധുവായതിനെ തുടർന്നാണ് ബിജെപിയുടെ ജയം. പ്രിസൈഡിങ് ഓഫീസറും ബിജെപിയും തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു എന്ന് ഇൻഡ്യ സഖ്യം ആരോപിച്ചു. അട്ടിമറി നടന്നെന്നാരോപിച്ച് ആം ആദ്മി പാർട്ടി പഞ്ചാബ് ഹൈകോടതിയെ സമീപിച്ചു.
എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബിജെ.പി വിജയം സ്വന്തമാക്കിയത്.കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറിന് ലഭിച്ചത് 12 വോട്ടുകൾ മാത്രം .ഇൻഡ്യ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അസാധുവായി പ്രഖ്യാപിച്ചതാണ് ബിജെപിക്ക് തുണയായത്.
അതേസമയം ഫലം വന്നതിൽ പിന്നാലെ പ്രിസൈഡിങ് ഓഫീസർക്കെതിരെയും ബിജെപിക്കെതിരെയും ഇൻഡ്യ മുന്നണി രംഗത്ത് വന്നു. പകൽവെളിച്ചത്തിൽ തട്ടിപ്പ് നടത്തിയ ബിജെപി രീതി അങ്ങേയറ്റം ആശങ്കാജനകം എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എക്സില്‍ കുറിച്ചു. ജനഹിതത്തെ അട്ടിമറിക്കുന്ന നടപടിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.പ്രിസൈഡിങ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി എംപി രാഘവ് ഛദ്ദ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്..തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ആം ആദ്മി പാർട്ടി പഞ്ചാബ് ഹൈകോടതിയെ സമീപിച്ചു . കേസ് ബുധനാഴ്ച അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും.