'മുസ്‍ലിംകളും നമ്മുടെ സ്വന്തമാണ്; അവരെ നിരന്തരം ആക്രമിക്കുന്നത് നിർത്തണം'; ബിജെപി നേതാവ് നിതേഷ് റാണെയ്‍ക്കെതിരെ കേന്ദ്രമന്ത്രി
തെരഞ്ഞെടുപ്പ് ജയിക്കാൻ തങ്ങൾക്ക് മുസ്‌ലിം വോട്ട് വേണ്ടെന്നും ഇവിഎം എന്നാൽ 'എവരി വോട്ട് എഗെയിൻസ്റ്റ് മുല്ലാ' എന്നാണ് അർഥമെന്നുമാണ് കഴിഞ്ഞ ദിവസം നിതേഷ് റാണെ പറഞ്ഞത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രിയും. മുസ്‌ലിംകളും നമ്മുടെ സ്വന്തമാണെന്ന് എൻഡിഎ ഘടകകക്ഷി റിപബ്ലിക് പാർട്ടി ഓഫ് ഇന്ത്യ(അത്താവാലെ) തലവനും കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞു. രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണു മുന്നോട്ടുപോകുന്നതെന്നും മുസ്‌ലിംകളെ ഇത്തരത്തിൽ നിരന്തരം ആക്രമിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിഎം കാരണം തന്നെയാണ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും, ഇവിഎം എന്നാൽ 'എവരി വോട്ട് എഗെയിൻസ്റ്റ് മുല്ല'(ഓരോ വോട്ടും മുല്ലക്കെതിരെ) എന്നാണെന്നുമായിരുന്നു നിതേഷ് റാണെയുടെ വിവാദ പരാമർശം. ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഹിന്ദുക്കൾക്കു വോട്ട് ചെയ്യുന്നതുകൊണ്ടാണ് എതിരാളികൾ ഇവിഎമ്മിനെ വിമർശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ, കേരളത്തെ 'മിനി പാകിസ്താൻ' എന്നു വിളിച്ചും നിതേഷ് റാണെ വിവാദം സൃഷ്ടിച്ചിരുന്നു.
നിതേഷ് റാണെ മഹാരാഷ്ട്ര മന്ത്രിയാണെന്നും അദ്ദേഹം നടത്തിയത് തെറ്റായ പ്രസ്താവനയാണെന്നും അത്താവാലെ വിമർശിച്ചു. ഇത്തരം സംഗതികൾ ആരും പറയാൻ പാടില്ല. രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണു മുന്നോട്ടുപോകുന്നത്. നിതേഷ് റാണെ ഇത്തരം കടുത്ത നിലപാട് സ്വീകരിക്കരുത്. മുസ്‌ലിംകളും നമ്മുടെ സ്വന്തമാണ്. അവരെ ഇങ്ങനെ നിരന്തരം ആക്രമിക്കുന്നത് നിർത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
റാണെയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ പ്രതികരണം. സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാനപാഠം എന്താണെന്ന് ശരിക്കും മനസിലാക്കേണ്ടതുണ്ട്. മതമാണ് ദേശീയതയുടെ അടിസ്ഥാനമെന്നു വാദിച്ചവർ പാകിസ്താനുമായി പോയി. എല്ലാവരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മൾ പോരാടിയതെന്നാണ് അന്ന് മഹാത്മാ ഗാന്ധി പറഞ്ഞത്. എല്ലാവർക്കും വേണ്ടിയുള്ള രാഷ്ട്രം സൃഷ്ടിക്കുമെന്നും എല്ലാവർക്കും വേണ്ടിയുള്ള ഭരണഘടന തയാറാക്കുമെന്നും എല്ലാവരും ഇവിടെ തുല്യാവകാശങ്ങളോടെ ജീവിക്കുമെന്നും ഗാന്ധിജി പറഞ്ഞു. മുസ്‌ലിംകളോ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മറ്റ് ഏതു ജാതിവിഭാഗങ്ങളോ ആയാലും ഏതെങ്കിലും പ്രത്യേക സമുദായത്തെ എടുത്തുപറയുന്നത് തെറ്റാണ്. നമ്മളെല്ലാം ഇന്ത്യയിൽ തുല്യാവകാശങ്ങളുള്ള പൗരന്മാരാണ്. അതിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതിയുള്ളൂവെന്നും തരൂർ പറഞ്ഞു.
മഹാരാഷ്ട്രയിലെ സംഗ്ലിയിൽ നടന്ന ഹിന്ദു ഗർജന സഭ എന്ന പേരിലുള്ള ചടങ്ങിലായിരുന്നു നിതേഷ് റാണെയുടെ പുതിയ വിവാദ പരാമർശം. ''എന്തിനാണ് നമ്മുടെ എതിരാളികൾ ഇവിഎമ്മിനെച്ചൊല്ലി ബഹളം വയ്ക്കുന്നതെന്ന് അറിയാമോ? ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഹിന്ദുക്കൾക്ക് വോട്ട് ചെയ്യുന്നത് അവർക്ക് ദഹിക്കുന്നില്ല. എപ്പോഴും ഇവിഎമ്മുകളെ ആക്ഷേപിക്കുകയാണ്. അവർക്ക് ഇവിഎമ്മിന്റെ അർഥം അറിയില്ല. ഏതു പശ്ചാത്തലത്തിലാണ് അടുത്തു നടന്ന തെരഞ്ഞെടുപ്പുകളിൽ ഹിന്ദുക്കൾ വോട്ട് ചെയ്തതെന്നും അവർ മനസിലാക്കുന്നില്ല. ഇവിഎം എന്നാൽ 'എവരി വോട്ട് എഗെയിൻസ്റ്റ് മുല്ലാ' എന്നാണ്.''-നിതേഷ് റാണെ പറഞ്ഞു.
ഇവിഎം കാരണം തന്നെയാണ് തങ്ങളെല്ലാം തെരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ ഞങ്ങൾക്ക് മുസ്‌ലിം വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ മുസ്‌ലിംകൾക്കിടയിൽ വോട്ട് ചോദിച്ചു പോയിട്ടില്ല. നിങ്ങൾ വേണ്ടതു ചെയ്‌തോളൂവെന്നാണ് ഞാൻ പറഞ്ഞത്. ഇത്തവണ ഹിന്ദുക്കൾക്കു തിരിച്ചറിവുണ്ടായിരുന്നു. അവരാണ് തങ്ങളെ വിജയിപ്പിച്ചതെന്നും നിതേഷ് റാണെ പറഞ്ഞു.
കഴിഞ്ഞ മാസമാണ് കേരളത്തിനെതിരെ പാകിസ്താൻ പരാമർശവുമായി റാണെ വിവാദം സൃഷ്ടിച്ചത്. ഇവിടെയുള്ള ഭീകരവാദികളാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്തതെന്നും അദ്ദേഹം ആക്ഷേപിച്ചു. പരാമർശം വിവാദമായപ്പോൾ വിശദീകരണവുമായും ബിജെപി നേതാവ് രംഗത്തെത്തി. കേരളത്തിലെ ഹിന്ദുക്കളുടെ മതപരിവർത്തനത്തെ കുറിച്ചും ലവ് ജിഹാദിനെ കുറിച്ചുമാണ് താൻ പറഞ്ഞതെന്നായിരുന്നു നിതേഷ് റാണെ ന്യായീകരിച്ചത്.
Summary: 'Muslims are also our own, should not attack them all the time': Union Minister and RPI (A) chief Ramdas Athawale in Maharashtra minister Nitesh Rane's EVM remark