സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് ആദിവാസി വിദ്യാർഥികൾ; തമിഴ്‌നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
- സ്‌കൂൾ വിട്ട് വളരെ ക്ഷീണിതരായാണ് കുട്ടികൾ വീട്ടിലേക്ക് വരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു...
ചെന്നൈ: സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച പ്രിൻസിപ്പലിന് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ പാലക്കോട് സ്ഥിതി ചെയ്യുന്ന സർക്കാർ സ്‌കൂളിലാണ് സംഭവം. ഒന്ന് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലായി ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള 150ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
ടോയ്‌ലറ്റുകൾ വൃത്തിയാക്കുക, വെള്ളം ചുമന്നുകൊണ്ടുവരിക, സ്‌കൂൾ പരിസരം വൃത്തിയാക്കുക ഇങ്ങനെ പഠനസമയത്ത് പല ജോലികളാണ് കുട്ടികൾ ചെയ്യേണ്ടിവരുന്നത്. സ്‌കൂൾ വിട്ട് വളരെ ക്ഷീണിതരായാണ് കുട്ടികൾ വീട്ടിലേക്ക് വരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. സ്‌കൂളിൽ നിന്നുള്ള ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സ്‌കൂൾ യൂണിഫോമിൽ ടോയ്‌ലറ്റിനുള്ളിൽ ചൂലുപിടിച്ച് നിൽക്കുന്ന പെൺകുട്ടികളുടെ വീഡിയോയാണ് പുറത്തുവന്നത്.
വിദ്യാഭ്യാസത്തിനായി സ്‌കൂളിലേക്ക് അയക്കുന്ന കുട്ടികളുടെ അവസ്ഥ കണ്ട മാതാപിതാക്കൾ രോഷാകുലരായി. ഞങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് പഠിക്കാനാണ് അയക്കുന്നത്, അല്ലാതെ വൃത്തിയാക്കാനല്ലെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. വീട്ടിൽ വന്നാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല, സ്‌കൂളിൽ ടോയ്‌ലറ്റുകളും പരിസരവും വൃത്തയാക്കുകയാണെന്ന് അവർ പറഞ്ഞു. അധ്യാപകർ പഠിപ്പിക്കുക എന്ന ഉത്തരവാദിത്തത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും രക്ഷിതാക്കൾ പ്രതികരിക്കുന്നു.
വീഡിയോ ശ്രദ്ധയിൽപെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉടനടി നടപടി സ്വീകരിച്ചു. അന്വേഷണം നടക്കുന്നതിനാൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കാൻ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.