കൊറിയറിൽ എംഡിഎംഎ; 78കാരിയെ തേടിയെത്തി ഡിജിറ്റൽ അറസ്റ്റ്, തട്ടിയത് ഒന്നരക്കോടി രൂപ
ഡിസംബർ അഞ്ചിന്,യുഎസിലുള്ള മകൾക്ക് ചില ഭക്ഷണ സാധനങ്ങൾ വയോധിക കൊറിയർ ചെയ്തിരുന്നു. ഈ സംഭവമാണ് തട്ടിപ്പുകാർ മുതലാക്കിയത്.
മുംബൈ: ഒരു കോൾ ചെയ്യാൻ ഫോൺ എടുത്താൽ കേൾക്കാം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ കുറിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യക്തികളെ വ്യാജ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ രാജ്യത്തുടനീളം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. വമ്പൻ ബിസിനസുകാർ വരെ ഇത്തരക്കാരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും വീണ്ടും തട്ടിപ്പുകാരുടെ വലയിൽ വീഴുകയാണ് ആളുകൾ.
മുംബൈയിലെ 78കാരി ഡിജിറ്റൽ അറസ്റ്റ് കെണിയിൽ വീണതായാണ് പുതിയ റിപ്പോർട്ട്. ഡൽഹി സ്‌പെഷ്യൽ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) അംഗമെന്ന വ്യാജേന ഒന്നരക്കോടി രൂപയാണ് തട്ടിയത്. കള്ളപ്പണം വെളുപ്പിച്ചതാണ് വയോധികക്കെതിരെ തട്ടിപ്പുസംഘം 'രജിസ്റ്റർ' ചെയ്ത കേസ്.
ഡിസംബർ അഞ്ചിന്,യുഎസിലുള്ള മകൾക്ക് ചില ഭക്ഷണ സാധനങ്ങൾ ഇവർ കൊറിയർ ചെയ്തിരുന്നു. ഈ സംഭവമാണ് തട്ടിപ്പുകാർ മുതലാക്കിയത്. തൊട്ടടുത്ത ദിവസങ്ങളിൽ വയോധികയെ തേടി കോളുകൾ എത്തി. കൊറിയർ കമ്പനിയിൽ നിന്ന് വിളിക്കുകയാണെന്ന് പരിചയപ്പെടുത്തിയ ഒരാളായിരുന്നു മറുതലക്കൽ. യുഎസിലേക്ക് അയച്ച കൊറിയറിൽ കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ, എംഡിഎംഎ മരുന്നുകൾ ഉൾപ്പെടെയുള്ള നിരോധിതവസ്തുക്കളും 2000 ഡോളറും ഉണ്ടായിരുന്നതായി വയോധികയെ വിശ്വസിപ്പിച്ചു.
ഒപ്പം കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചു. തുടർന്ന്, പോലീസ് ഡിപ്പാർട്ട്‌മെൻ്റ്, സൈബർ ക്രൈം ബ്രാഞ്ച്, ധനകാര്യ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്ന വ്യാജേന നിരവധി കോളുകളാണ് വയോധികയുടെ ഫോണിലേക്ക് എത്തിയത്. അറസ്റ്റും നിയമനടപടിയും ഭീഷണിയും തുടർന്നതോടെ സമ്മർദ്ദത്തിലായ വയോധിക തട്ടിപ്പുകാർക്ക് വഴങ്ങുകയായിരുന്നു.
വാറന്റുകളും അന്വേഷണ റിപ്പോർട്ടുമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പതിയെ ഇവരുടെ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി. ബാങ്കിലുള്ള പണം നഷ്ടമാകാതിരിക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന തട്ടിപ്പുകാരുടെ നിർദേശം അതേപടി അംഗീകരിച്ച് ഒന്നരക്കോടി രൂപ വയോധിക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.
അടുത്ത ബന്ധുവിനോട് ഇക്കാര്യം സംസാരിക്കുന്നതിനിടെയാണ് താൻ തട്ടിപ്പിന് ഇരയായതായി വയോധികക്ക് മനസിലായത്. ഉടൻ തന്നെ സൈബർ ക്രൈം പോലീസ് ഹെൽപ്പ് ലൈനിൽ കേസ് റിപ്പോർട്ട് ചെയ്തു. രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മുംബൈ പോലീസിൻ്റെ സൗത്ത് സൈബർ സെല്ലിലേക്ക് മാറ്റി. തട്ടിപ്പുകാർ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാപക തട്ടിപ്പുകൾ നടത്തിവരികയാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.