പട്ടിണി മൂലം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ആറംഗ കുടുംബം; എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
മറ്റ് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതേസമയം, മാതാപിതാക്കൾ അപകടനില തരണം ചെയ്തു.
ഭോപ്പാൽ: പട്ടിണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആറംഗ കുടുംബം. എട്ട് വയസുകാരി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം.
ഖജുരിയിൽ താമസിക്കുന്ന കോൺട്രാക്ടറായ കിഷോർ ജാദവി (40)ന് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ദിവസങ്ങളായി വീട്ടിലെ കാര്യങ്ങളും വളരെ ബുദ്ധിമുട്ടിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച ജാദവും ഭാര്യ സീത (35)യും വിഷം കഴിക്കുകയും മക്കളായ കാഞ്ചൻ (15), അഭയ് (12), അന്നു (10), പൂർവ (8) എന്നിവർക്ക് പാലിൽ കലർത്തി നൽകുകയുമായിരുന്നു. തുടർന്ന് ഇവരെ അവശനിലയിൽ കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ചികിത്സയിലിരിക്കെ പൂർവ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മാതാപിതാക്കൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടത്തിവരികയാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.