ആയിരങ്ങൾക്ക് സൗജന്യ ചികിത്സ; മാതൃകയായി സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ ആശുപത്രി
കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഡോക്ടർമാർ ലീവെടുത്തു വരെ കര്‍ഷകരുടെ ചികിത്സക്കായി എത്തുകയുണ്ടായി.
സിംഗു അതിർത്തിയിലെ സമരവേദിയിൽ കർഷകർക്ക് ആശ്വാസമായിരുന്നു കിസാൻ - മസ്ദുർ ഏകതാ ആശുപത്രി. ആറായിരത്തിലധികം പേർക്കാണ് ഇവിടെ സൗജന്യ ചികിത്സ ലഭിച്ചത്. സമരം ചെയ്യുന്ന കർഷകർക്ക് മാത്രമല്ല സമീപവാസികൾക്കും ആശ്വാസമായിരുന്നു ഈ ആശുപതി.
ചെറിയ ഫാർമസി ആയിട്ടായിരുന്നു ആശുപത്രിയുടെ തുടക്കം. സമരവേദിയിലേക്ക് ഒഴുകിയെത്തുന്ന കർഷകരുടെ എണ്ണം ആയിരവും പതിനായിരവും കടന്നതോടെ താൽക്കാലിക ഷെഡിൽ ആശുപത്രി പ്രവർത്തിച്ചു തുടങ്ങി.
ലാബും ഇ.സി.ജിയും ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാൻ ലൈഫ് കെയർ ഫൗണ്ടേഷൻ മുന്നോട്ടു വന്നതോടെ സൗജന്യമായി സേവനം വാഗ്ദാനം ചെയ്തു ഡൽഹി എയിമ്സിലെ ഡോക്ടർമാർ അടക്കം എത്തി. വിളകളെ കാക്കുന്ന കർഷകരുടെ ആരോഗ്യം കാക്കാൻ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഡോക്ടർമാർ ലീവെടുത്ത് ഇവിടെ എത്തി. ഓ .പിയിൽ ദിവസേന ഇരുന്നൂറ്റി അൻപതിലധികം പേര് ചികിത്സ തേടിയെത്തിയതായി ഒരു വർഷമായി സേവനമനുഷ്ഠിക്കുന്ന ഡോ.അഫ്താർ സിങ് പറയുന്നു.
കോവിഡ് രാജ്യത്തെ പിടിമുറുക്കിയ കാലത്ത് ഡൽഹിക്കാർ ഓക്സിജൻ സിലിണ്ടർ ലഭിക്കാതെ വലഞ്ഞപ്പോൾ ജീവശ്വാസത്തിന്റെ സിലിണ്ടറുമായി ഈ ആശുപത്രി സഹായിച്ചു. അന്നദാതാക്കളുടെ ആരോഗ്യം സംരക്ഷിച്ച ആരോഗ്യകേന്ദ്രം പഞ്ചാബിൽ പ്രവർത്തിപ്പിക്കാൻ സ്ഥലം നൽകാമെന്ന് ഒരു ഡോക്ടർ ഏറ്റുകഴിഞ്ഞു.