എന്റെ മകനെവിടെ...?; കേന്ദ്ര ഇടപെടല്‍ തേടി കാണാതായ നാവികന്റെ കുടുംബം
സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പിതാവ് സുഭാഷ് ചന്ദർ
ഡല്‍ഹി: ഇന്ത്യന്‍ നാവികസേന കപ്പലില്‍ നിന്ന് കാണാതായ നാവികന്‍ സാഹില്‍ വര്‍മ്മയെ ഇതുവരെ കണ്ടെത്തിയില്ല. സാഹിലിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഇതുവരെ മകനെക്കുറിച്ച് വിവരം ലഭിക്കാത്തതോടെ സാഹിലിന്റെ പിതാവ് സുബാഷ് ചന്ദര്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി.
'നാവികസേനയുടെ കപ്പലില്‍ നിന്നും ഒരു സൈനികനെ കാണാതായതും കണ്ടെത്താനാകാത്തതും അതിശയകരമാണ്. കപ്പലിലുള്ള സി.സി.ടി.വി കാമറകളില്‍ ആരും കടലില്‍ വീഴുന്നതായി കണ്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. പിന്നെ എന്റെ മകനെവിടെ? പിതാവ് സുബാഷ് ചന്ദര്‍ ചോദിച്ചു.
കുടുംബവുമായി പങ്കുവെച്ച രേഖാമൂലമുള്ള വിവരങ്ങളില്‍ ചന്ദര്‍ അതൃപ്തി പ്രകടിപ്പിച്ചു. ' ഫെബ്രുവരി 29 ന് ഞങ്ങളുടെ മകന്‍ സാഹിലിനെ കാണാതായതായി ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ അവനോട് അവസാനമായി സംസാരിച്ചത് ഫെബ്രുവരി 25 നാണ്. അവന് എന്ത് സംഭവിച്ചുവെന്നൊന്നും അറിയില്ല. നീതി വേണം. ഞങ്ങളുടെ മകന്‍ എവിടെയാണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ ഡ്യൂറ്റിയിലിരിക്കെയാണ് കാണാതായത്. സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്റെ തിരോധാനത്തെക്കുറിച്ച് എന്തോ മറച്ചവെക്കുന്നുണ്ടെന്ന് സാഹിലിന്റെ അമ്മ പറഞ്ഞു. കപ്പലില്‍ 400 പേര്‍ ഉണ്ടായിരുന്നു. മകനെ മാത്രമാണ് കാണാതായത്. എന്റെ മകന്‍ സുരക്ഷിതമായി തിരിച്ചെത്തട്ടെ' അവര്‍ കൂട്ടിച്ചേര്‍ത്തു.
കാണാതായ നാവികന്റെ മാതൃസഹോദരന്‍ ഗൗതമും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറഞ്ഞു. 'എങ്ങനെയാണ് സാഹിലിനെ കാണാതായത്? സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ കുടുംബത്തെ അറിയിക്കുകയും അന്വേഷണ ബോഡിന് ഉത്തരവിടുകയും ചെയ്യണമായിരുന്നു. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും രണ്ട് ദിവസത്തിന് ശേഷമാണ് സംഭവിച്ചത്'. ഗൗതം കൂട്ടിച്ചേര്‍ത്തു.
മുംബൈ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഉന്നതതല അന്വേഷണ ബോഡിന് ഉത്തരവിട്ടതായി അറിയിച്ചു.