അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഫയലുകൾ ഹാജരാക്കണം: സുപ്രിംകോടതി
നാളെ തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രിംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ ഫയലുകൾ ഹാജരാക്കാൻ സുപ്രിംകോടതിയുടെ നിർദേശം. നാളെ തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രിംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്ന് കോടതി പറഞ്ഞു.
സുപ്രിംകോടതി ഭരണഘടനാബെഞ്ച് കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനകാര്യങ്ങളിൽ പുതിയ സമിതി വേണം എന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്ന ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഹരജി കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നവംബർ 19ന് അരുൺ ഗോയലിനെ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ഇത്തരമൊരു നിയമനം ഉചിതമാണോ എന്ന് സുപ്രിംകോടതി ചോദിച്ചു. കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കുന്ന ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.