ബിരിയാണി വാങ്ങിയ വക 43 ലക്ഷം ചെലവ്, കഴിക്കാനാർക്കും കിട്ടിയില്ല; ഫുട്‌ബോൾ അസോസിയേഷന്റെ തട്ടിപ്പ് പുറത്ത്
വിവിധ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ജമ്മു കശ്മീർ സ്‌പോർട്‌സ് കൗൺസിൽ നൽകിയ തുകയാണ് തിരിമറി ചെയ്തത്
ശ്രീനര്‍: ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തി ജമ്മു കശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ജെ.കെ.എഫ്.എ) വിവാദത്തില്‍. സംസ്ഥാനത്തെ ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജമ്മു കശ്മീര്‍ സ്പോർട്സ് കൗണ്‍സിൽ നൽകിയ തുക തിരിമറി ചെയ്ത ഉദ്യോഗസ്ഥര്‍ക്കതിരെ കേസെടുത്തു. ആരാധകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തായത്.
ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയൽ ഗോൾഡ് കപ്പ് തുടങ്ങിയ ടൂർണമെന്റുകൾ സംഘടിപ്പിക്കാന്‍ 50 ലക്ഷം രൂപ ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഫുട്‌ബോള്‍ അസോസിയേഷന് കൈമാറിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് അധികൃതര്‍ തിരിമറി നടത്തിയത്. ബിരിയാണി വാങ്ങാനാണ് പണം ചെലവഴിച്ചതെന്ന് കണക്ക് കാണിച്ചെങ്കിലും ഫുട്‌ബോള്‍ ടീമിലെ ഒരു താരത്തിന് പോലും ബിരിയാണി ലഭിച്ചിരുന്നില്ലെന്നതാണ് തട്ടിപ്പ് പുറത്താകാന്‍ കാരണം.
സംഭവത്തില്‍ ജെ.കെ.എഫ്.എ പ്രസിഡന്റ് സമീർ താക്കൂർ, ട്രഷറർ സുരിന്ദർ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെ.കെ.എഫ്.എ അംഗം ഫയാസ് അഹമ്മദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൃത്രിമ ബില്ലുകളുണ്ടാക്കിയായിരുന്നു ഫണ്ട് തിരിമറി നടത്തിയത്. 43,06,500 രൂപ ശ്രീനഗറിലെ മുഗൾ ദർബാർ, പോളോ വ്യൂ തുടങ്ങിയ റസ്റ്റോറന്റുകൾക്കു നൽകിയതായി വ്യാജരേഖകളുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹിന്ദുസ്ഥാൻ ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന് 1,41,300 രൂപ നല്‍കിയതായും ഇതിനു വേണ്ടിയും വ്യാജ രേഖ തയാറാക്കിയതായും തെളിഞ്ഞിട്ടുണ്ട്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, കൂടുതല്‍ അന്വേഷണത്തിനുശേഷം തീരുമാനം കൈക്കൊള്ളുമെന്നാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ അറിയിക്കുന്നത്.