'കത്തിക്കരിഞ്ഞ മൃതദേഹങ്ങളും രക്തക്കറകളും ജുനൈദിന്‍റേതും നസീറിന്‍റേതും തന്നെ'; ഫോറൻസിക് റിപ്പോർട്ട്
പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് റേഞ്ച് ഐജി ഗൗരവ് ശ്രീവാസ്തവ്
ഗുരുഗ്രാം: ഹരിയാനയിലെ ഭീവാനിയിൽ വാഹനത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളും രക്തക്കറകളും ജുനൈദിന്റെയും നസീറിന്റെയുംതാണെന്ന് ഫോറൻസിക് സംഘം സ്ഥിരീകരിച്ചു. ഫെബ്രുവരി 16 നാണ് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാൻ ഭരത്പൂർ സ്വദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയ രക്തക്കറകൾ യുവാക്കളുടേതുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഭരത്പൂർ റേഞ്ച് ഐജി ഗൗരവ് ശ്രീവാസ്തവ് പറഞ്ഞു. സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നും റേഞ്ച് ഐജി ഗൗരവ് ശ്രീവാസ്തവ് പറഞ്ഞു. പൊലീസ് സംഘം ഹരിയാനയിൽ ക്യാമ്പ് ചെയ്യുകയും പ്രതികളെ പിടികൂടാൻ ഹരിയാന പൊലീസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് കുടുംബത്തിന്‍റെ പരാതി. അതേസമയം, കേസിൽ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും മുഖ്യപ്രതിയായ മോനു മനേസിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്നും കുടുംബം പറഞ്ഞു. മുഖ്യപ്രതിയും ബജ്റംഗൾ നേതാവ് മോനു മനേസറി പ്രതിപട്ടികയിൽ നിന്ന് രാജസ്ഥാൻ പൊലീസ് ഒഴിവാക്കിയിരുന്നു. കൊലപാതകം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും റിങ്കു സൈനി എന്നൊരാളെ മാത്രമാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനിൽ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോർ, അനിൽ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.
മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്. സംഭവത്തിൽ ഹരിയാന ജിർക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.