മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കലാ, കായികരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം.
കോൺഗ്രസ് എംഎൽഎ ഫത്തെഹ് ബാജ്‌വ, അകാലിദൾ എംഎൽഎ ഗുർദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദൾ മുൻ എംപി രാജ്‌ദേവ് സിങ് ഖൽസ അടക്കമുള്ള പ്രമുഖർ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ഇവർക്കൊപ്പമാണ് മോംഗിയയും ബിജെപിയിലെത്തിയത്. ഡൽഹിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.
Former cricketer Dinesh Mongia joins Bharatiya Janata Party in Delhi. pic.twitter.com/ChOa6wrDEr
— ANI (@ANI) December 28, 2021
ഇന്ത്യയ്ക്ക് വേണ്ടി നിരവധി ഏകദിന മത്സരങ്ങൾ കളിച്ച മോംഗിയ പഞ്ചാബ് സ്വദേശിയാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ദിവസങ്ങൾക്കുമുൻപ് ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിൽനിന്നും രാജിവച്ച ഹർഭജൻ സിങ് കോൺഗ്രസിൽ ചേരുമെന്ന് വാർത്ത പുറത്തുവന്നിട്ടുണ്ട്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവുമായി കഴിഞ്ഞ ദിവസം ഹർഭജൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ മാധ്യമങ്ങൾക്കുനൽകിയ അഭിമുഖത്തിൽ താരം രാഷ്ട്രീയ പ്രവേശത്തിന്റെ സൂചനയും നൽകിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളിൽനിന്നായി 1,230 റൺസ് സ്വന്തമാക്കിയിട്ടുണ്ട് ദിനേശ് മോംഗിയ. ഇതിൽ ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയും ഉൾപ്പെടും. ഇന്ത്യയ്ക്കായി ഒരു ടി20 മത്സരവും കളിച്ചിട്ടുണ്ട്.