ഗുലാം നബിയോടൊപ്പം ചേരാൻ നേതാക്കൾ; കോൺഗ്രസിൽ കൂട്ടരാജി

സെപ്തംബര്‍ അഞ്ചിന് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Update: 2022-08-29 15:58 GMT
Editor : banuisahak | By : Web Desk
Advertising

കത്വ: കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് നാല് കോൺഗ്രസ് നേതാക്കളും അപ്നി പാർട്ടിയുടെ ഒരു ഡസനോളം പ്രമുഖ പ്രവർത്തകരും തങ്ങളുടെ പാർട്ടികളിൽ നിന്ന് രാജിവച്ചു. ജമ്മു കശ്മീർ നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെയുള്ള നേതാക്കളാണ് പാർട്ടിവിട്ടത്. കത്വയിലെ ബാനിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎ മാലിക്കും രണ്ട് മുൻ എംഎൽസിമാരായ കത്വയിൽ നിന്നുള്ള സുബാഷ് ഗുപ്തയും ഡോഡയിൽ നിന്നുള്ള ഷാം ലാൽ ഭഗത്തും രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് കൈമാറി.

ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹേശ്വർ സിംഗ് മാൻഹാസും പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. കൂടാതെ, ദോഡയിൽ നിന്നുള്ള അപ്നി പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് അസ്ഗർ ഹുസൈൻ ഖണ്ഡേ, ജില്ലാ ജനറൽ സെക്രട്ടറി വീരേന്ദർ കുമാർ ശർമ്മ, ജില്ലാ വൈസ് പ്രസിഡന്റ് (വനിതാ വിഭാഗം) പ്രോമിള ശർമ എന്നിവരുൾപ്പെടെ 12 പ്രവർത്തകരും പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചു. 

രാജിവച്ചതിന് പിന്നാലെ ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവർ ഡൽഹിയിൽ വെച്ച് ഗുലാം നബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ശേഷം ഗുലാം നബിയോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം പ്രമുഖ കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പഞ്ചായത്തീരാജ് സ്ഥാപന (പിആർഐ) അംഗങ്ങളും മുനിസിപ്പൽ കോർപ്പറേറ്റർമാരും ജില്ലാ-ബ്ലോക്ക് തല നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവച്ച് ആസാദിനൊപ്പം ചേരാൻ തയ്യാറെടുത്തിരിക്കുകയാണ്. സെപ്തംബര്‍ അഞ്ചിന് ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം. 

ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ആസാദ് (73) വെള്ളിയാഴ്ചയാണ് കോൺഗ്രസുമായുള്ള തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു ഗുലാം നബി പാർട്ടി വിട്ടത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News