സംയുക്ത സേനാ മേധാവിയുടെ സംസ്‌കാരം വെള്ളിയാഴ്ച
നാളെ വൈകുന്നേരത്തോടെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും
ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. നാളെ വൈകുന്നേരത്തോടെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രായായി മൃതദേഹം ഡൽഹി കന്റോൺമെന്റിലെത്തിക്കും. ഡൽഹി ബ്രാർ സ്‌ക്വയറിലാണ് സംസ്‌കാരം നടക്കുക. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അസംബ്ലി നാളെ അനുശോചനം രേഖപ്പെടുത്തി പിരിയും.
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തടക്കം 13 പേരും മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്. മരണപ്പെട്ടവരുടെ മൃതദേഹം വെല്ലിങ്ഡൺ ആശുപത്രിയിലാണുള്ളത്.
ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത് 2020 ജനുവരി ഒന്നിനാണ്. 2016- 19 കാലയളവിൽ കരസേനാ മേധാവിയും ഇന്ത്യയുടെ 26ാമത് സൈനിക മേധാവിയുമായിരുന്നു. വിശിഷ്ടസേവാ മെഡൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദം നിയന്ത്രിച്ചതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം കോംഗോയിൽ സംയുക്ത സമാധാന സേനയെ നയിച്ചിരുന്നു.
ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി വിവേക് റാം ചൌധരി പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കാര്യങ്ങൾ വിശദീകരിച്ച് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരഷ്ടാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രത്യേക യോഗം ചേർന്നിട്ടുണ്ട്.
സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് വീരപുത്രനെയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ട് കാലത്തെ സേവനം അതുല്യമായിരുന്നെന്നും ആദരജ്ഞലികൾ അർപ്പിക്കുന്നുവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സേനയെ ആധുനികവൽക്കരിക്കുന്നതിൽ അന്തരിച്ച ബിപിൻ റാവത്തിന്റെ പങ്ക് വിലമതിക്കാനാകാത്തതാണെന്നും മരണം വേദനയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായ ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപരാമായിരുന്നുവെന്നും പ്രധാനമന്ത്രി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.