അപ്രതീക്ഷിതം, ജി 23 കൈവിട്ടു; പോരിൽ തരൂർ ഒറ്റയ്ക്ക്
തരൂരിന്‍റെ പത്രികയില്‍ ഒപ്പിട്ടത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പതു പേര്‍
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എംപി ശശി തരൂർ ഒറ്റയ്ക്ക്. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ മത്സരത്തില്‍ ഒറ്റപ്പെട്ടത്. പരിഷ്കരണം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളിൽ പ്രമുഖനായിരുന്നു തരൂർ.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിന്തുണക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ജി 23 നേതാക്കൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തില്‍ അപ്രതീക്ഷിതമായാണ് ഇവർ നിലപാടു മാറ്റിയത്. ജി 23യിലെ പൃത്ഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ്മ എന്നിവരാണ് ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.
23 പേരുടെ മാത്രമല്ല, 9000 പേരുടെ പിന്തുണയും തനിക്കു വേണമെന്ന് തരൂർ എൻഡിടിവിയോട് പ്രതികരിച്ചു. താൻ ജി23യുടെ മത്സരാർത്ഥിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് സോണിയാ ഗാന്ധി അറിയിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ച്, ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണെടുക്കുന്നത്. പ്രിയങ്ക ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഞാൻ ആശയവിനിമയം നടത്തി. അവരിൽനിന്നും അങ്ങനെയൊരു സന്ദേശമാണ് ലഭിച്ചത്. ദിഗ് വിജയ് സിങ് സോണിയാ ഗാന്ധിയെ കണ്ടപ്പോഴും ഇതേ സന്ദേശമാണ് കിട്ടിയത്' - തരൂർ പറഞ്ഞു.
നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് തരൂർ എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിക്കാനെത്തിയത്. ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇദ്ദേഹം പാർട്ടി ആസ്ഥാനത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പത് പേരാണ് തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവച്ചിട്ടുള്ളത്.
അതിനിടെ, പദവിയിലേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന ദിഗ് വിജയ് സിങ് അവസാന നിമിഷം പിന്മാറിയതോടെയാണ് സ്ഥാനാർത്ഥിത്വം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയിലെത്തിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. ഒരാൾ, ഒരു പദവി പ്രകാരം അധ്യക്ഷ പദവിയിലെത്തുമ്പോൾ ഈ സ്ഥാനം ഒഴിയേണ്ടി വരും.