ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു
വീണ്ടും ഏക്നാഥ ഷിൻഡയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനോട് സംസ്ഥാന ബിജെപി നേതാക്കൾക്ക് അതൃപ്തിയുണ്ട്
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി. നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയ്ക് മന്ത്രിസഭയിൽ സുപ്രധാന വകുപ്പ് നൽകാനാണ് ആലോചന. അതേസമയം ജാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും.
മഹാരാഷ്ട്രയിലെ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഷിൻഡേ വിഭാഗം ശിവസേന 57 സീറ്റുകൾ വിജയിച്ചെങ്കിലും വീണ്ടും ഏക്നാഥ ഷിൻഡയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനോട് സംസ്ഥാന ബിജെപി നേതാക്കൾക്ക് അതൃപ്തിയുണ്ട്.
ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷൻ ഉപ മുഖ്യമന്ത്രി ഫട്നാവിസ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമാണ്. കൗൺസിലറായും പിന്നീട് നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒടുവിൽ മഹാരാഷ്ട്രയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായുമുള്ള ദേവേന്ദ്ര ഫഡ്നാവിസിന്റെ രാഷ്ട്രീയ വളർച്ച ബിജെപി എടുത്ത് കാട്ടുന്നുണ്ട്.
അതേസമയം ശിവസേനയും എൻസിപിയും വിട്ടുപോയവർക്കാണ് കരുത്ത് കൂടുതലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. ഉദ്ധവ് വിഭാഗം ശിവസേന 20 സീറ്റിലേക്കും എൻസിപി ശരത് പാവാർ വിഭാഗം 10 സീറ്റിലേക്കും ചുരുങ്ങിയത് മുതിർന്ന നേതാക്കൾക്കേറ്റ കനത്തപ്രകാരമാണ്. 16 സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് പ്രതിപക്ഷ പദവി സ്ഥാനം പോലും നഷ്ടമായിട്ടുണ്ട്.
ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രണ്ടാമൂഴമായിരുന്നു ജെഎംഎം പ്രചാരണ ആയുധം. എന്നാൽ എക്സിറ്റ്പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്ന വിജയമാണ് ഇൻഡ്യാ മുന്നണി നേടിയത്. 2019നെ അപേക്ഷിച്ചു ഏഴു സീറ്റുകളാണ് കോൺഗ്രസ്-ജെഎംഎം മുന്നണി അധികം സ്വന്തമാക്കിയത്.
സ്ത്രീ വോട്ടർമാർക്ക് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളും സ്ത്രീ വോട്ടർമാരുടെ എണ്ണം വർദ്ധിച്ചതും ഇൻഡ്യാ മുന്നണിക്ക് തുണയായി. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ ഇഡി കേസും ബിജെപിയുടെ വർഗീയ പ്രചാരണങ്ങളും ചമ്പായി സോറന്റെ ബിജെപി പ്രവേശവും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.