ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാർക്ക് വ്യാജ പാസ്പോർട്ട് അടക്കം നിർമിച്ചുനൽകി; സംഘം പിടിയിൽ
നാലുപേരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്
ഡൽഹി: ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന സംഘം പിടിയിൽ. നാലുപേരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. സംഘത്തിൽ രണ്ട് ബംഗ്ലാദേശി പൗരൻമാരും രണ്ട് ഇന്ത്യൻ പൗരൻമാരുമുണ്ടന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 30 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യയിൽ നിന്ന് നാടുകടത്തിയിരുന്നു. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവരെ സഹായിക്കുന്ന സംഘം പിടിയിലാവുകയായിരുന്നു.
കുടിയേറ്റക്കാർക്ക് ഇവർ വ്യാജ പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളുമെല്ലാം നിർമ്മിച്ചു നൽകിയെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനി ഇപ്പോഴും ഒളിവിലാണ്. ഇയാൾ ഇന്ത്യ വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.