ഗൗതം അദാനി ലോക കോടീശ്വരൻമാരിൽ മൂന്നാമൻ; ഏറ്റവും വിലപിടിപ്പുള്ള 10 സമ്പാദ്യങ്ങൾ ഇവയാണ്

ഇതാദ്യമായാണ് ബ്ലൂംബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യക്കാരൻ മൂന്നാമതെത്തുന്നത്. 10,97,310 കോടി രൂപ (137.40 ബില്യൻ ഡോളർ) യാണ് അദാനിയുടെ ആസ്തി. ഇലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിവർ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്.

Update: 2022-08-30 13:35 GMT
Advertising

ലോക കോടീശ്വരൻമാരിൽ മൂന്നാമനായി ഗൗതം അദാനി. ഇതാദ്യമായാണ് ബ്ലൂംബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യക്കാരൻ മൂന്നാമതെത്തുന്നത്. 10,97,310 കോടി രൂപ (137.40 ബില്യൻ ഡോളർ) യാണ് അദാനിയുടെ ആസ്തി. ഇലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിവർ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്. തുറമുഖം, ഊർജവ്യവസായം, വിമാനത്താവളം, ഗ്രീൻ എനർജി തുടങ്ങി ഒട്ടുമിക്ക മേഖലയിലും അദാനിക്ക് നിക്ഷേപമുണ്ട്.

ഡൽഹിയിൽ 400 കോടിയുടെ വീട്

ഗൗതം അദാനിയുടെ സ്വത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ഡൽഹിയിലെ അദ്ദേഹത്തിന്റെ ബംഗ്ലാവ്. 3.4 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കൊട്ടാരസമാനമായ ഈ വീട് 2020 ലാണ് 400 കോടി രൂപ മുടക്കി അദാനി സ്വന്തമാക്കിയത്. ഇതിന് പുറമെ ഗുരുഗ്രാമിലും അഹമ്മദാബാദിലും അദ്ദേഹത്തിന് വീടുകളുണ്ട്. കൂടുതൽ സമയവും അദ്ദേഹം താമസിക്കാറുള്ളത് അഹമ്മദാബാദിലെ വീട്ടിലാണ്.

സ്വകാര്യ ജെറ്റുകളും ഹെലികോപ്ടറുകളും

അദാനിയുടെ വ്യവസായ സംരംഭങ്ങൾ പോലെത്തന്നെ ഏറെ ആകർഷകമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്ടറുകളുടെയും കാറുകളുടെയും ശേഖരം. ബൊംബാർഡിയർ, ബീച്ച്ക്രാഫ്റ്റ്, ഹോക്കർ തുടങ്ങിയ തന്റെ സ്വകാര്യ ജെറ്റുകളിലാണ് അദാനി പ്രധാനമായും യാത്ര ചെയ്യുന്നത്. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ഏറ്റവും വിലകുറഞ്ഞ സ്വകാര്യ ജെറ്റിന് ഇന്ത്യയിൽ ഏകദേശം 15.2 കോടി രൂപയാണ് വില.

മൂന്നു ആഡംബര ജെറ്റ് വിമാനങ്ങൾക്ക് പുറമെ, മൂന്നു ഹെലികോപ്ടറുകളും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW139 ഹെലികോപ്ടറാണ് അദാനി പ്രധാനമായും യാത്രകൾക്ക് ഉപയോഗിക്കാറുള്ളത്. ഇരട്ട എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഈ ഹെലികോപ്ടറിൽ 15 പേർക്ക് യാത്രചെയ്യാനാവും. മറ്റു രണ്ട് ഹെലികോപ്ടറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജെറ്റുകൾക്കും ഹെലികോപ്ടറുകൾക്കും പുറമെ നിരവധി അത്യാഡംബര കാറുകളും അദാനിയുടേതായുണ്ട്. 3.5 കോടി രൂപ വിലവരുന്ന റെഡ് ഫെരാരി, 1-3 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു 7 എന്നിവയാണ് അദാനിയുടെ എറ്റവും പ്രിയപ്പെട്ട കാറുകൾ.

കപ്പലുകൾ

അദാനി ഗ്രൂപ്പിന് 17 കപ്പലുകൾ സ്വന്തമായുണ്ട്. എന്നാൽ 2018ൽ പുതുതായി വാങ്ങി രണ്ട് കപ്പലുകൾക്ക് തന്റെ മരുമക്കളുടെ പേരിട്ടതാണ് ഏറ്റവും ശ്രദ്ധേയമായത്. എം/ഡബ്ല്യു വാൻഷി, എം/ഡബ്ല്യു റാഹി എന്നീ രണ്ട് കപ്പലുകൾ നിർമിച്ചത് ദക്ഷിണ കൊറിയയിലെ ഹാൻജിൻ ഹെവി ഇൻഡസ്ട്രീസ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ്.

വിമാനത്താവളങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം അദാനിക്ക് പങ്കാളിത്തമുണ്ട്. അദാനിക്ക് ഇന്ത്യയിൽ ആകെ ഏഴ് വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശമുണ്ടെന്ന് 2021ൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ സിങ് അറിയിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നോ, ഗുവാഹതി, തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് ഓഹരിയുണ്ട്.

ആസ്‌ത്രേലിയയിൽ കൽക്കരി ഖനി

ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ കൽക്കരി ഖനികളിലൊന്നായ കാർമൈക്കൽ ഖനി അദാനിയുടെ ഉടമസ്ഥതയിലാണ്. ആസ്‌ത്രേലിയൻ കൽക്കരി ഖനിക്ക് അടുത്ത മൂന്നു ദശകത്തേക്ക് വാർഷിക നിരക്കിൽ 10 ദശലക്ഷം ടൺ താപ കൽക്കരി ഇറക്കുമതി ചെയ്യാനാവുമെന്നാണ് റിപ്പോർട്ട്.

തുറമുഖങ്ങൾ

അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം അദാനിക്ക് ഇന്ത്യയിൽ 13 തുറമുഖങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പോർട്ടിങ് ഓപ്പറേറ്റിങ് കമ്പനിയാണ് അദാനി പോർട്‌സ്. രാജ്യത്തിന്റെ തുറമുഖ ശേഷിയിൽ കമ്പനിക്ക് 23% ഓഹരിയുണ്ട്.

ഗ്രീൻ എനർജി

ഫോസിൽ ഇന്ധനങ്ങളിൽ മാത്രമായി ഒതുങ്ങാതെ വ്യത്യസ്തമായ സംരംഭങ്ങളിലൂടെ പുനരുപയോഗ ഊർജത്തിന്റെ മുൻനിര നിർമാതാവാകാണ് അദാനി ലക്ഷ്യമിടുന്നത്. സോളാർ, വിൻഡ്ഫാം പദ്ധതികളിലും അദാനി ഗ്രൂപ്പ് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.

പ്രകൃതിവാതക ശേഖരം

ഊർജത്തിന്റെ കാര്യത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. വെൽസ്പം എന്റർപ്രൈസസ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയിലെ പ്രകൃതി വാതകശേഖരം കണ്ടെത്താനും വികസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നത്. 2021ൽ മുംബൈ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടിരുന്നു.

ഫ്രാഞ്ചൈസി ക്രിക്കറ്റ്

ഇത് കമ്പനിയുടെ പ്രധാനപ്പെട്ട ഒരു ആസ്തിയല്ലെങ്കിലും ക്രിക്കറ്റ് ഫ്രാഞ്ചൈസി രംഗത്ത് കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. അദാനി ഗ്രൂപ്പിന്റെ അദാനി സ്‌പോർട്‌സ് ലൈൻ 2022 മെയ് മാസത്തിൽ യുഎഇയുടെ മുൻനിര ട്വന്റി 20 ലീഗിൽ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശം സ്വന്തമാക്കിക്കൊണ്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ആദ്യ നിക്ഷേപം നടത്തി. രണ്ട് മാസത്തിന് ശേഷം, ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ഗുജറാത്ത് ജയന്റ്സിനെ ഏറ്റെടുത്തുകൊണ്ട് കമ്പനി രണ്ടാം നിക്ഷേപം നടത്തി. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ഒരു ആഗോള ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പാണ്, അടുത്തിടെ വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളാണ് ഇതിൽ കളിക്കുന്നത്. 2022 ജനുവരിയിൽ ഒമാനിൽ മൂന്ന് ടീമുകൾ തമ്മിലാണ് ആദ്യ സീസൺ നടന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News