ജയിലിലേക്ക് തിരിച്ചുപോകാൻ വയ്യ; 'മരിച്ച'കൊലക്കേസ് പ്രതി വീണ്ടും പിടിയിൽ
മറ്റൊരാളെ കൊലപ്പെടുത്തി ആ മൃതദേഹം തന്റേതാക്കി ചിത്രീകരിച്ച ഡൽഹി സ്വദേശിയും ഭാര്യയെയും പൊലീസ് അറസ്റ്റു ചെയ്തു
മറ്റൊരാളെ കൊലപ്പെടുത്തി അത് തന്റെ മൃതദേഹമാണെന്ന് ലോകത്തെ വിശ്വസിപ്പിക്കുക. മരിച്ചത് ഭർത്താവാണെന്ന് ഭാര്യ തിരിച്ചറിയുക. സിനിമ തിരക്കഥയെ വെല്ലുന്ന രീതിയിലാണ് ഡൽഹി സ്വദേശി സുധേഷ് കുമാർ പൊലീസിനെയും നാട്ടുകാരെയും ഇത്രയും നാൾ കബളിപ്പിച്ചത്. കൊലക്കേസ് പ്രതികൂടിയായ സുധേഷ് കൊവിഡ് രൂക്ഷമായ സമയത്തായിരുന്നു ജയിൽ മോചിതിനായത്. പരോൾ അവസാനിക്കാൻ സമയമായപ്പോഴാണ് മരിച്ചതായി ചിത്രീകരിച്ച് സുധേഷ് പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചത്. എന്നാൽ സംഭവത്തിൽ പൊലീസിന് പന്തികേട് തോന്നുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ പ്രതിയെയും ഇതിന് കൂട്ടുനിന്ന ഭാര്യയെയും ഗാസിയാബാദ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് ഗാസിയാബാദ് പൊലീസ് പറയുന്നതിങ്ങനെ.
നവംബര് 20 ന് ലോനി എന്ന സ്ഥലത്ത് മുഖം കത്തിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. സുധേഷ് കുമാറിന്റെ ആധാർ കാർഡ് മൃതദേഹത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. മൃതദേഹംതിരിച്ചറിയാൻ വിളിപ്പിച്ച ഭാര്യ അനുപമ മരിച്ചത് തന്റെ ഭർത്താവാണ് എന്ന് പൊലീസിനോട് പറയുകയും ചെയ്തു. എന്നാൽ അനുപമയുടെ മൊഴിയിൽ സംശയം തോന്നിയെന്ന് റൂറൽ പൊലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു. തുടർന്ന് സുധേഷ് കുമാറിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ 2018 ൽ 13 വയസുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ പോയിരുന്നതായും കണ്ടെത്തി. കൊറോണ രൂക്ഷമായ സാഹചര്യത്തിൽ ഈ മേയിലാണ് സുധേഷിനെ പരോളിൽ വിടുന്നത്. പരോൾ കഴിയാനായപ്പോഴാണ് വ്യാജമരണം സൃഷ്ടിക്കാൻ ഭാര്യയോടടൊപ്പം പദ്ധതി തയാറാക്കിയത്.
ഇതിനായി തന്റെ അതേ ഉയരമുള്ള ഡൊമൻ രവിദാസ് എന്ന തൊഴിലാളിയെ സുധേഷ് അറ്റകുറ്റപ്പണികൾക്കായി വീട്ടിലേക്ക് വിളിച്ചു. അയാൾക്ക് ധരിക്കാൻ തന്റെ വസ്ത്രവും കൊടുത്തു.രണ്ടാമത്തെ ദിവസം ജോലിക്കായി എത്തിയ ഇയാളെ സുധേഷ് അമിതമായി മദ്യം നൽകി അബോധവാസ്ഥയിലാക്കുകയും കൊലപ്പെടുത്തുകയും തല തകർക്കുകയും മൃതദേഹം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കുകയും ചെയ്തതായി എസ്പി രാജ പറഞ്ഞു. തുടർന്ന് സുധേഷ് മൃതദേഹം ലോനിയിൽ ഉപേക്ഷിക്കുകയും ചെയ്തു. സുധേഷിന്റെ നിർദേശം അനുസരിച്ചാണ് മൃതദേഹം ഭർത്താവിന്റെതാണെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ചത് രവിദാസ് ആണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം തിരിച്ചറിഞ്ഞതോടെയാണ് സുധേഷിന്റെയും ഭാര്യയുടെയും പദ്ധതി പൊളിഞ്ഞത്. അറസ്റ്റിലായ സുധേഷും ഭാര്യയും ഇപ്പോൾ ജയിലിലാണെന്നും പൊലീസ് അറിയിച്ചു.