കഫീൽ ഖാനെ ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥാനാർത്ഥിയാക്കി എസ്പി
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി
ലഖ്‌നൗ: ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഡോ. കഫീൽഖാനെ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി. ദെവാരിയ-കുശിനകർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. 2016ൽ എസ്പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്.
ലജിസ്ലേറ്റീവ് കൗൺസിലിലെ 36 സീറ്റുകളിലേക്ക് ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം-ദ ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി-അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു. ഖാന്റെ സ്ഥാനാർത്ഥിത്വം എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.
2017 ആഗസ്തിൽ ഖൊരക്പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തിലാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. വിഷയത്തിൽ ഖാനെ വേട്ടയാടിയ സർക്കാർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് കഫീൽഖാൻ. ഇദ്ദേഹത്തെ നിയമനിർമാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നൽകാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 2017 ൽ സംഭവിച്ചത്?
2017 ആഗസ്തിലാണ് ഓക്സിജൻ ലഭിക്കാതെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 63 കുട്ടികൾ മരിച്ചത്. വിതരണക്കാർക്ക് സർക്കാർ പണം നൽകാത്തതിനെ തുടർന്നായിരുന്നു ഓക്സിജൻ ക്ഷാമം. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള 5 അംഗസമിതി റിപ്പോർട്ട് സമർപ്പിച്ചക്കുകയും ചെയ്തു. ഗുരുതര വീഴ്ച്ച വരുത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവൻ ഡോക്ടർ സതീഷ്. ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ കഫീൽ ഖാൻ, ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് എന്നിവരടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സമിതി ശിപാർശ ചെയ്തു. മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ച ഡോക്ടർ കഫീൽ ഖാനെതിരെ വേറെയും കേസെടുക്കണമെന്നും നിർദേശിച്ചു. ഹോമിയോപ്പതി മെഡിക്കൽ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂർണിമ ശുക്ലയ്ക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയും ചെയ്തു. റിപ്പോർട്ട് രഹസ്യമാക്കിവെച്ച സർക്കാർ മരണകാരണം സംബന്ധിച്ച കണ്ടെത്തൽ പുറത്തുവിട്ടിട്ടില്ല. ഈ കേസിന്റെ തുടർച്ചയായാണ് കഫീൽ ഖാനെ പിരിച്ചുവിട്ടത്.
സംഭവത്തെ തുടർന്ന് അറസ്റ്റിലായ ശേഷവും ഡോ കഫീൽ ഖാൻ കേസിൽപ്പെട്ടിരുന്നു. 70 കുഞ്ഞുങ്ങൾ 'ദുരൂഹ പനി' ബാധിച്ച് മരണപ്പെട്ട ബഹ്‌റായിച്ച് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസത്തിനുള്ളിൽ 70 കുഞ്ഞുങ്ങൾ മരണപ്പെട്ടത് മൂലം ബഹ്‌റായിച്ച് ആശുപത്രി വാർത്തകളിൽ ഇടം നേടിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുടെ മാതാ പിതാക്കളോട് സംസാരിച്ച ശേഷം 'ദുരൂഹ പനി' മൂലമാണ് കുട്ടികൾ മരണപ്പെട്ടതെന്ന ഡോക്ടർമാരുടെ വാദം കഫീൽ ഖാനും അദ്ദേഹത്തിന്റെ കൂടെ വന്നവരും തള്ളിക്കളഞ്ഞിരുന്നു.
മസ്തിഷ്‌കവീക്കത്തിന്റേതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളിൽ കണ്ടതെന്നും ഡോക്ടർ കഫീൽ ഖാൻ പറഞ്ഞു. എന്നാൽ, സംഭവത്തെ കുറിച്ച് അറിഞ്ഞ പൊലീസ് ഉടനെ സ്ഥലത്തെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സിംബൗളി ഷുഗർ മിൽ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയും ചെയ്തു.
ഉത്തർപ്രദേശ് സർക്കാറിന് തന്നെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ലെന്ന് ഡോ. കഫീൽഖാൻ മുമ്പ് മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.