ബിജെപി ഉടക്കി; തരൂരിനെ പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നു
പാനലിലെ ബിജെപി അംഗം നിഷികാന്ത് ദുബെ നിരവധി തവണ തരൂരിനെതിരെ കേന്ദ്രസർക്കാറിൽ പരാതി നൽകിയിരുന്നു
ന്യൂഡൽഹി: പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് കോൺഗ്രസ് എംപി ശശി തരൂരിനെ നീക്കാൻ കേന്ദ്രസർക്കാർ. ഇക്കാര്യം തരൂരിനെ ഔദ്യോഗികമായി അറിയിച്ചതായാണ് സൂചന. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്ഥാനചലനം.
പാർലമെന്റിന്റെ രാസവളം കമ്മിറ്റിയുടെ ചെയർമാൻ പദം തരൂരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൌധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു.
നേരത്തെ, സോഷ്യൽ മീഡിയ ദുരുപയോഗത്തിന്റെ പേരിൽ ഇന്ത്യയിലെ ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗ്ൾ പ്രതിനിധികളെ തരൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ ലഭിക്കാൻ ട്വിറ്റിന് മേൽ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തി കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെയർമാൻ പദവിയിൽ നിന്ന് തരൂരിനെ നീക്കണമെന്ന് സമിതിയിലെ ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
തരൂർ ഉൾപ്പെടെ കമ്മിറ്റിയിൽ ലോക്‌സഭയിൽ നിന്ന് 20 അംഗങ്ങളും രാജ്യസഭയിൽനിന്ന് നാലു പേരുമാണുള്ളത്. പാനലിലെ ബിജെപി അംഗം നിഷികാന്ത് ദുബെ നിരവധി തവണ തരൂരിനെതിരെ കേന്ദ്രസർക്കാറിൽ പരാതി നൽകിയിരുന്നു.
അതിനിടെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിക്കാനുള്ള സാധ്യത ഏറുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ, സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ തരൂർ അറിയിച്ചിരുന്നു. നെഹ്‌റു കുടുംബത്തെ പ്രതിനിധീകരിച്ച് അശോക് ഗെലോട്ട് മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.